ചെങ്ങന്നൂർ: ​ സർക്കാർ സംവിധാനങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക് ശ്രദ്ധതിരിച്ചതോടെ താലൂക്കിൽ മണ്ണുകടത്ത് വ്യാപകമായി. മാജിക് പാസ്സിന്റെയും വ്യാജ പാസ്സിന്റെയും വ്യാജ പെർമിറ്റിന്റെയും മറവിലാണ് ഇപ്പോൾ മണ്ണ് കടത്ത്. മലകൾ ഇടിച്ചു നിരത്തിയുളള മണ്ണ് ഖനനവും നിലം നികത്തലും വ്യാപകമായതോടെ താലൂക്കിൽ കുടിവെളള ക്ഷാമം രൂക്ഷമായി.

കൂടുതൽ മണ്ണെടുത്തു:

വസ്തു ഉടമയ്ക്ക് 2.42 ലക്ഷം പിഴ

വെണ്മണി പഞ്ചായത്തിൽ പെർമിറ്റിന്റെ പരിധിയിൽ കൂടുതൽ മണ്ണ് ഖനനം ചെയ്തതിന് 2.42 ലക്ഷം രൂപ ജിയോളജി വകുപ്പ് വസ്തു ഉടമയ്ക്ക് പിഴ ചുമത്തി. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. കോയിക്കലേത്ത് കെ.ജി ശാമുവലിനാണ് ശിക്ഷ ലഭിച്ചത്. വെൺമണി ബ്ലോക്ക് 15​ൽ പെട്ടതും റീ സർവ്വേ നമ്പർ 219/5 പ്പെട്ട ടി.പി. 524 സ്ഥലത്ത് നിന്ന് അനുമതി ഉത്തരവുകളുടെ മറവിൽ അനധികൃതമായി അനുവദനീയമായതിലും 1086 ക്യുബിക് മീറ്റർ (2172 മെട്രിക് ടൺ) മണ്ണെടുത്ത് കടത്തുകയായിരുന്നു.

മാജിക് പാസ്സ്
​ മണ്ണ് കൊണ്ടുപോകാനുള്ള പാസ്സ് ചെറിയ തീയിൽ ചൂടാക്കിയാൽ മഷികൊണ്ട് പൂരിപ്പിച്ച ഭാഗം മാഞ്ഞു പോകുന്നതാണ് മാജിക് പാസ്. ചൂടാക്കിയാൽ മാഞ്ഞുപോകുന്ന പ്രത്യേക തരം മഷിയുളള ജപ്പാൻ പേനയാണ് പാസ്സ് എഴുതാൻ ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തീയതിയും സമയവും പൂരിപ്പിക്കാതെ പാസ്സുനൽകുന്നതും പതിവാണ്. പൊലീസോ സ്ക്വാഡോ നടത്തുന്ന പരിശോധനാ സമയത്ത് മാത്രം പാസ്സ് പൂരിപ്പിച്ച് നൽകുന്നതാണ് മറ്റൊരു രീതി. റോഡിന്റേയും മറ്റ് മരാമത്ത് പണിയുടെയും പെർമിറ്റിന്റെ കോപ്പി കരാറുകാരുടെ കൈയിൽ നിന്ന് വാങ്ങി മണ്ണ് കടത്താനുള്ള അനുമതിയ്ക്ക് അപേക്ഷിക്കുന്നതും വ്യാപകമാണ്.
ബിൽഡിംഗ് പെർമിറ്റിന്റെ പേരിൽ മണ്ണ് ഖനനത്തിന് അനുമതി വാങ്ങിയിട്ടും കെട്ടിടം പണിയാത്ത ആയിരക്കണക്കിന് പ്ലോട്ടുകൾ ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. പരാതി നൽകുവാനെത്തുന്നവരെ മാഫിയാ സംഘങ്ങൾ ഭീഷണിപ്പെടുത്തി നിശബ്ദദരാക്കുന്നതും പതിവാണ്.

വേനൽകാലത്ത് മണ്ണ്ഖനനം നിറുത്തണം

വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ മണ്ണ് ഖനനം നിറുത്തിവയ്ക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. പമ്പാ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ ശുദ്ധജലത്തിനായി ജനം നെട്ടോട്ടമോടുകയാണ്.