പത്തനംതിട്ട: പരിചയം പുതുക്കിയും ആവേശം വിതച്ചും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. കാഞ്ഞിരപ്പളളി മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്നലെ സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണം നൽകി. കങ്ങഴയിലെ ഇലയ്ക്കാട് മുതൽ കറുകച്ചാലിലെ കൂത്രപ്പളളി വരെയായിരുന്നു ആന്റോ ആന്റണിയുടെ പര്യടനം. കുടുംബസംഗമങ്ങളിൽ പങ്കെടുത്തു. പഴയതും പുതിയ തലമുറയിലും പെട്ട ആളുകൾക്കിടയിൽ സ്ഥാനാർത്ഥി സുപരിചിതനാണ്. രാവിലെ എട്ടുമണിയോടെ ഇലയ്ക്കാട് എത്തിയ സ്ഥാനാർത്ഥിയെ വലിയ ആൾക്കൂട്ടമാണ് സ്വീകരിച്ചത്. തുടർന്ന് പരുത്തിമൂട് വഴി പ്ളാക്കൽപ്പടി ജംഗ്ഷനിലെത്തി. കങ്ങഴ പഞ്ചായത്തിലെ ഒൻപതു കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്. പന്ത്രണ്ട് മണിയോടെ വെളളാവൂരിലെ പൊട്ടുകുളത്ത് എത്തിയ ആന്റോയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. മണിമല ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരോടും വ്യാപാരികളോടും വോട്ടഭ്യർത്ഥിച്ചു. നെടുംകുന്നം പഞ്ചായത്തിൽ നെടുംമണ്ണിൽ നിന്നാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. കറുകച്ചാലിലെ കുറുപ്പൻ കവലയിൽ എത്തിയപ്പോഴേക്കും രാത്രി പത്തുമണിയോട് അടുത്തു. കറുകച്ചാലിലും ശാന്തിപുരത്തും കൂത്രപ്പളളിയിലും സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ജനം തടിച്ചു കൂടി.