തിരുവല്ല: കെ.എസ്.ആർ.ടി.സി ഓഫീസ് കെട്ടിട സമുച്ചയത്തിലെ വാട്ടർ ടാങ്കിനുള്ളിൽ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവല്ല ഡിപ്പോയിലെ ഡ്രൈവറായ കോട്ടയം കുറുപ്പുന്തറ മാഞ്ഞൂർ കാവുപുരയ്ക്കൽ കെ.കെ രാജീവ് (അജിമോൻ -49) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. നാലുനിലയുള്ള കെട്ടിടസമുച്ചയത്തിന്റെ മുകളിലാണ് ടാങ്ക്. 25000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കിൽ കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ സംവിധാനങ്ങൾക്ക് ഉപയോഗിക്കാനുള്ള വെള്ളമാണ് ശേഖരിച്ചിരുന്നത്. പൊലീസും ഫയർഫോഴ്‌സുമെത്തി മൃതദേഹം പുറത്തെടുത്തു. ഒന്നരമാസത്തിലേറെ പഴക്കമുണ്ട്. ബന്ധുക്കളെത്തി രാജീവാണെന്ന് സ്ഥിരീകരിച്ചു.ടാങ്കിന് പുറത്തുകിടന്ന ചെരിപ്പും ഇയാളുടേതായിരുന്നു. ഫെബ്രുവരി 17 മുതൽ രാജീവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ സൗമ്യ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം പിന്നീട്. ദേവദത്ത് ഏക മകനാണ്.