തിരുവല്ല: സിവിൽ സർവ്വീസിൽ അനന്ദു സുരേഷ് ഗോവിന്ദ് നേടിയ വിജയം ജില്ലയ്ക്ക് അഭിമാനമായി. തിരുവല്ല തുകലശ്ശേരി പരിയാരത്ത് പുത്തൻവീട്ടിൽ അനന്ദു സുരേഷ് ഗോവിന്ദ് 127 -) റാങ്കുമായാണ് ജില്ലയിൽ ഒന്നാമനായത്. കുറ്റപ്പുഴ മാർത്തോമ്മാ റസിഡന്റ്‌സ് സ്‌കൂളിൽ ഐ.സി.എസ്.സി സിലബസിൽ പഠിച്ചശേഷം കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിലും ബിരുദം കരസ്ഥമാക്കി. തുടർന്ന് തിരുവനന്തപുരം സിവിൽ സർവ്വീസ് അക്കാഡമിയിലും എൻലൈറ്റ് ഐ.എ.എസ് അക്കാഡമിയിലുമായിരുന്നു പരിശീലനം. ക്രിക്കറ്റും ഇംഗ്ലീഷ് നോവലുകളും ഇഷ്ടപ്പെടുന്ന അനന്ദു മൂന്നാം ശ്രമത്തിലാണ് 127-ാം റാങ്ക് സ്വന്തമാക്കുന്നത്. ഫിലോസഫിയായിരുന്നു ഐച്ഛികവിഷയം. ഇംഗ്ലീഷ് നോവലിസ്റ്റ് ഡാൻ ബ്രൗണിനെയാണ് ഇഷ്ടം. സാങ്കേതിക വളർച്ചയിലൂടെ സാധാരണക്കാർക്കും പ്രതികരിക്കാൻ അവസരം ലഭിക്കുന്ന നവമാദ്ധ്യമങ്ങളുടെ സ്വാധീനം രാജ്യത്തിന്റെ പുരോഗതിക്കും ഗുണകരമാണെന്ന് അനന്ദു വ്യക്തമാക്കുന്നു. തിരുവല്ലയിൽ ഗോവിന്ദ് സാൻഡ് ബേക്കറി ഉടമ പി.ജി.സുരേഷ് കുമാറിന്റെയും കവിയൂർ മാർത്തോമ്മാ സി.ബി.എസ്.ഇ സ്‌കൂളിലെ അദ്ധ്യാപിക സ്മിതയുടെയും മകനാണ്. സഹോദരി പാർവ്വതി സുരേഷ് ഭൂവനേശ്വർ എയിംസിൽ മെഡിസിനിൽ ഹൗസ് സർജൻസി ചെയ്യുന്നു. കഴിഞ്ഞ തവണ കുന്നന്താനം സ്വദേശി അഖിൽ തമ്പി ജില്ലയ്ക്ക് അഭിമാനമായിരുന്നു.