basha

കോന്നി: സിവിൽ സർവ്വീസ് റാങ്ക് തിളക്കത്തിൽ മലയോര മേഖലയായ കോന്നി കുമ്മണ്ണൂർ ഗ്രാമവും. കുമ്മണ്ണൂർ മുളന്തറ ബാഷാമൻസിലിൽ ഷാഷ മുഹമ്മദാണ് മലയോരത്തിന്റെ അഭിമാനമായി മാറിയത്.
സിവിൽ സർവീസ് പരീക്ഷയിൽ 565ാം റാങ്കാണ് ബാഷ സ്വന്തമാക്കിയത്. ഈ മേഖലയിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ബഹുമതിയും ബാഷയ്ക്ക് സ്വന്തം. പത്താം ക്ളാസിൽ പഠനം നടത്തുമ്പോൾ തുടങ്ങിയതാണ് ബാഷായ്ക്ക് സിവിൽ സർവീസ് മോഹം. കുമ്പഴ മൗണ്ട് ബഥനി പബ്‌ളിക് സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 87 ശതമാനം മാർക്ക് നേടി വിജയിച്ചു. ഐരവൺ പി.എസ്.വി.പി.എം.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ്ടു വിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ലി​റ്ററേച്ചർ ബിരുദം സ്വന്തമാക്കി. 2016 ലാണ് തിരുവനന്തപുരത്തെ സ്​റ്റേ​റ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ചേർന്നത്. ആറ് മാസത്തെ പ്രാഥമിക പരിശീലനം പൂർത്തീകരിച്ച് ശ്രമങ്ങൾ നടത്തിയെങ്കിലും രണ്ടു തവണയും ഫലം കണ്ടില്ല. പത്താം ക്ലാസു മുതൽ മനസിൽ കൊണ്ടു നടന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ബാഷയും കുടുംബവും.വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് റാങ്ക് വിവരം അറിയുന്നത്. ഇന്നലെ നാട്ടുകാരും കൂട്ടുകാരുമടക്കം നിരവധി പേർ വീട്ടിലെത്തി അഭിനന്ദിച്ചു. പ്രവാസിയും വ്യാപാരിയുമായ കുമ്മണ്ണൂർ മുളന്തറ ബാഷാമൻസിലിൽ ബാബുജാൻ - ഷഹ്ബാസ് ദമ്പതികളുടെ മൂത്ത മകനാണ് ബാഷാ മുഹമ്മദ്. അനുജൻ ബിൻ ഷാ മുഹമ്മദ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ്.