പത്തനംതിട്ട: തിരഞ്ഞെടുപ്പിൽ ഒരു വോട്ടും പാഴാക്കാതെ വിനിയോഗിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹിന് ആറന്മുള എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ ഉറപ്പ്. സ്വീപ്പ് വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആറന്മുള എൻജിനിയറിംഗ് കോളജിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർക്ക് വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷിനും പരിചയപ്പെടുത്തുന്നതിന് എത്തിയതായിരുന്നു കളക്ടർ.
സമ്മതിദാനാവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് വോട്ടർബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ പി.ബി. നൂഹ് അഭ്യർത്ഥിച്ചു. വോട്ടിംഗ് ശതമാനം ഉയർത്തുന്നതിനായി വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളും വോട്ടർമാർക്കായി ഇത്തവണ ഏർപ്പെടുത്തുന്ന വിപുലമായ സൗകര്യങ്ങളും കളക്ടർ വിശദീകരിച്ചു. വോട്ടിംഗ് മെഷീനുകളിൽ വിദ്യാർത്ഥികൾ വോട്ട് ചെയ്തു പരിചയപ്പെട്ടു. തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്തപ്പെട്ടത് വിവിപാറ്റ് നോക്കി വിദ്യാർത്ഥികൾ ബോധ്യപ്പെട്ടു.
കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി. ഉമേഷ് തിരഞ്ഞെടുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആറന്മുള മണ്ഡലം സ്വീപ്പ് കോഓർഡിനേറ്റർ സാം പി. തോമസ്, അൻവർ സാദത്ത്, എ.വൈ.നന്ദു എന്നിവർ ക്ലാസ് നയിച്ചു.