തിരുവല്ല: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പര്യടനം നടത്തിയത്. രാവിലെ ഡി.സി.സി ഓഫിസിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം ഇലന്തൂരിൽ സൂര്യതാപമേറ്റ് മരിച്ചയാളുടെ വീട്ടിൽ പോയി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തുടർന്ന് സ്വീകരണ സ്ഥലത്തേക്ക് യാത്രയായി. സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും ആറന്മുള കണ്ണാടി, തിരുവല്ല റെയിൽവേ സ്റ്റേഷൻ, ട്രെയിൻ, എക്സലേറ്റർ, മലയോര ഹൈവേ എന്നിവയുടെ പ്ലോട്ടുകളും ഉണ്ടായിരുന്നു.
പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ട പരുമല തോപ്പിൽ കോളനിയിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തവർ പ്രളയത്തിൽ അനുഭവിച്ച കഷ്ടപ്പാട്ടുകളും സർക്കാരിൽ നിന്നുള്ള അനാസ്ഥയും മറ്റും ചൂണ്ടിക്കാട്ടി.
പ്രളയാനന്തര കേരളത്തെ നിത്യദുരതത്തിലേക്ക് തള്ളിവിട്ട എൽ.ഡി.എഫ് സർക്കാരിന് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് ആേന്റാ പറഞ്ഞു. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ആളുകളുടെ കണക്കെടുക്കാനോ അവർക്ക് അർഹതപ്പെട്ട ദുരിതാശ്വാസം നൽകാനോ സർക്കാർ തയാറായില്ലെന്നും പ്രളയം കഞ്ഞിട്ടും സ്വഭവനങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും ആന്റോ ആരോപിച്ചു. കടപ്ര, നിരണം, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലെ 35 ഓളം സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തവും ഉണ്ടായിരുന്നു.