പത്തനംതിട്ട: ഇനി 14 നാൾ. മൂന്നാംവട്ട വിജയത്തിനൊരുങ്ങി ആന്റോ ആന്റണിയും വികസനമുരടിപ്പുയർത്തി കാട്ടി വീണാ ജോർജും ശബരിമല വിഷയം അനുകൂലമാണെന്ന നിലപാടിൽ ബി.ജെ.പിയും കളം നിറയുമ്പോൾ പത്തനംതിട്ടയിൽ തീപാറും പോരാട്ടം. നിലവിൽ ആറന്മുള എം.എൽ.എ ആയ വീണാ ജോർജ് മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയും ആളുകൾക്കിടയിലെ ജനപ്രീതിയും ഉപയോഗപ്പെടുത്തിയാണ് പ്രചരണം. പ്രളയക്കാലത്ത് വീണാ ജോർജ് എം.എൽ.എ നടത്തിയ പ്രവർത്തനങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. വീണാ ജോർജിന് അനുകൂലമായ സാഹചര്യമുണ്ടെന്നും സ്ത്രീകൾക്കിടയിൽ അനുകൂലമായ നിലപാടുണ്ടെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇത് വോട്ടായി പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. സിറ്റിംഗ് എം.പിയായ ആന്റോ ആന്റണി മൂന്നാം അംഗത്തിനാണ് ഇക്കുറി നിൽക്കുന്നത്. മണ്ഡലത്തിൽ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ആന്റോയുടെ പ്രചാരണം. ആദ്യം മണ്ഡലത്തിലെ യു.ഡി.ഫ് സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ചർച്ചയും വിവാദങ്ങളുമുണ്ടായിരുന്നു. എന്നാൽ ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങിയെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ വിജയം ആവർത്തിക്കുമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സംബന്ധിച്ച വിഷയത്തിൽ ആന്റോ ആന്റണിയും വീണാ ജോർജും നേർക്ക് നേർ എത്തിയിരുന്നു. ക്രിസ്ത്യൻ വോട്ടുകൾ ഏറെ നിർണായകമായ മണ്ഡലമായതുകൊണ്ട് തന്നെയായിരിക്കാം വീണാ ജോർജിനെയും ആന്റോ ആന്റണയേയും ഇരുമുന്നണികളും മുന്നോട്ട് വയ്ക്കുന്നത്. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുളള മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. ബി.ജെ.പിയിലെ പ്രമുഖ നേതാക്കൻമാരെല്ലാം നോട്ടമിട്ട മണ്ഡലവും പത്തനംതിട്ട തന്നെയാണ്. ശബരിമല വിഷയമാണ് മുഖ്യ പ്രചരണായുധം. ശബരിമല വിഷയത്തിൽ ഹിന്ദു സമുദായത്തിന്റെ വോട്ടുകൾ ഏകീകരിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത് സുരേന്ദ്രന്റെ സ്ഥാനാർത്ഥി നിർണയത്തിലൂടെ ഏറെ കുറ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ് ബി.ജെ.പി.