കോഴഞ്ചേരി : എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൂവത്തൂർ, പുല്ലാട്, ഇരവിപേരൂർ, നന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. പ്രളയം നാശം വിതച്ച സ്ഥലങ്ങളിലെ ജനങ്ങളുടെ സങ്കടവും കണ്ണീരുമെല്ലാം സ്ഥാനാർത്ഥിക്കു മുൻപിൽ പരിവേദനങ്ങളായി മാറി. കുറുങ്ങഴക്കാവ് ക്ഷേത്ര ദർശനത്തോടെയാണ് സുരേന്ദ്രൻ പ്രചാരണം ആരംഭിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി ഷാജി.ആർ നായർ, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയൻ വല്ല്യുഴത്തിൽ, ബാബു അങ്കത്തിൽ, അജയൻ പുല്ലാട്, മെമ്പർമാരായ ബിന്ദു.കെ നായർ, ശ്രീകുമാരി, ദീപാ.ജി നായർ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. പിന്നീട് കോയിപ്രം പഞ്ചായത്തിലെ കടപ്രയിലെ മലനട ക്ഷേത്രത്തിലും സുരേന്ദ്രൻ ദർശനം നടത്തി. വിവിധ സാമുദായിക നേതാക്കൻമാരും വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ മാരാമൺ, കൊല്ലമല, പനക്കക്കളം എന്നീ കോളനികളിൽ നടന്ന കുടുംബസംഗമങ്ങളിൽ സുരേന്ദ്രൻ സംസാരിച്ചു. കോഴഞ്ചേരി ചിറ്റോത്ത് ശങ്കരൻ പിള്ള സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ‌രഘുനാഥൻ കോഴഞ്ചേരിയെ സന്ദർശിച്ചു. ആറന്മുള പള്ളിമുക്ക് ക്ഷേത്രത്തിൽ ഭക്തർക്കൊപ്പം സമൂഹസദ്യയിൽ പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. നിരവധി സ്ത്രീകളാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ ആറന്മുളയിലുണ്ടായിരുന്നത്. ആറാട്ടുപുഴയ്ക് സമീപം ചെറുവള്ളിപ്പടിയിൽ സ്ഥാനാർത്ഥിക്ക് മുൻപിൽ പ്രളയത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകളാണ് ജനങ്ങൾ പങ്കുവച്ചത്. ഇരവിപേരൂർ പഞ്ചായത്തിലെ തോട്ടപ്പുഴ, നന്നൂർ, ഓതറ തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് ആറന്മുള പള്ളിമുക്കത്ത് ക്ഷേത്രത്തിലെ സമൂഹസദ്യയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം പൂഞ്ഞാർ മണ്ഡലത്തിലെ പാറത്തോട് , പാലത്ര, കൂട്ടിക്കൽ, മുണ്ടക്കയം, കോരത്തോട്, എന്നിവിടങ്ങളിലെ പ്രചരണത്തിന് ശേഷം കാളകെട്ടിയിൽ സമാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ പത്തനംതിട്ട നഗരസഭയിലാണ് തിരഞ്ഞെടുപ്പ് പര്യടനം നടക്കുക.