ശബരിമല: മേടമാസ-വിഷു പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. രാത്രി 10ന് നട അടയ്ക്കും. 11ന് രാവിലെ 5ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് പതിവ് പൂജകൾ ഉണ്ടാകും. വിഷുദിനമായ 15ന് പുലർച്ചെ നട തുറന്ന് വിഷുക്കണിദർശനം ഒരുക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് കൈനീട്ടം നൽകും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 19ന് രാത്രി ക്ഷേത്രനട അടയ്ക്കും.