leak
വൈക്കത്തില്ലത്ത് പൈപ്പ് പൊട്ടിയൊഴുക വെള്ളക്കെട്ട്

തിരുവല്ല: കൊടുംവേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ഒരു മാസത്തോളമായി പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. അടുത്തകാലത്ത് രാജ്യാന്തര നിലവാരത്തിൽ റോഡ് നിർമ്മിച്ച പൊടിയാടി- അമ്പലപ്പുഴ സംസ്ഥാന പാതയിൽ വൈക്കത്തില്ലം പാലത്തിനു സമീപമാണിത്. ശക്തമായി പുറത്തേക്ക് ഒഴുകുന്ന വെള്ളം സമീപത്താകെ കെട്ടിക്കിടക്കുകയാണ്. പൈപ്പിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പ് അധികൃതർ സ്ഥലത്തെത്തി കുഴിയെടുത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ അടുത്തിടെ പുതിയതായി സ്ഥാപിച്ച 200 എം.എം പൈപ്പിലാണ് ചോർച്ച കണ്ടെത്തിയത്. ഗ്യാരണ്ടി കാലാവധി കഴിയാത്തതിനാൽ അന്നത്തെ കരാറുകാർ സ്ഥലത്തെത്തി ചോർച്ച പരിഹരിക്കാൻ കാത്തിരിക്കുകയാണ് അധികൃതർ. എന്നാൽ ചോർച്ച കണ്ടെത്തി ഒരു മാസത്തോളമായിട്ടും കരാറുകാർ ചോർച്ച പരിഹരിക്കാൻ എത്താത്തതിനാൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസേന ഇവിടെ പാഴാകുന്നത്. ചോർച്ച കാണപ്പെട്ട സ്ഥലത്ത് ആദ്യം എടുത്ത കുഴിയും ഇതുവരെ മൂടിയിട്ടില്ല. വഴിയാത്രക്കാർക്ക് നടപ്പാത ഒരുക്കിയിട്ടുള്ള ഭാഗത്താണ് ഈ കുഴി. രാത്രികാലങ്ങളിൽ യാത്രക്കാർ കുഴിയിൽ വീണ് അപകടമുണ്ടാകാനുള്ള സാദ്ധ്യതയുമേറെയാണ്. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളം റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.

​​​​​​​​​​

ഉടനെ പരിഹരിക്കും

വൈക്കത്തില്ലത്ത് റോഡിലെ പൈപ്പുചോർച്ച ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കരാറുകാർ ഉടനെത്തി ചോർച്ച പരിഹരിക്കുമെന്നും വാട്ടർ അതോറിട്ടി അസി.എൻജിനീയർ അരുൺ കുര്യൻ പറഞ്ഞു.