മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മഴ ശക്തമാകാത്തതിനാൽ ജലസ്രോതസുകൾ വറ്റിവരണ്ട നിലയിലാണ്.ഒരാഴ്ചയിലേറെയായി പല ഭാഗങ്ങളിലും മഴ ലഭിച്ചിട്ടില്ല. ഇതോടെ കിണറുകളിലും ജലാശയങ്ങളിലും അവശേഷിച്ചിരുന്ന വെള്ളവും വറ്റി. വെള്ളവുമായെത്തുന്ന സ്വകാര്യ വാഹനങ്ങളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ഇതിനു നിർവാഹമില്ലാത്തവർ കിലോമീറ്ററുകൾ യാത്രചെയ്ത് തലച്ചുമടായി വെള്ളം കൊണ്ടുവരികയാണ്. ആനിക്കാട് പ്രദേശത്തെ, നൂറോന്മാവ്, പുല്ലുകുത്തി, ചക്കാലക്കുന്ന് കുളുത്തൂർമൂഴി, വായ്പ്പൂര്, കുളത്തൂർ, കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.
നാട്ടിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായപ്പോഴും ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യാനുള്ള അവകാശം തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയിട്ടില്ല. ആനിക്കാട്, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്. കുളിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനുമായി മണിമലയാറിനെ ആശ്രയിക്കുന്നുണ്ടെങ്കിലും കുടിവെള്ള വിഷയത്തിൽ പ്രതിസന്ധി നേരിടുകയാണ്. വെള്ളം ഗുണനിലവാരമുള്ളതാണോയെന്നു പോലും പരിശോധിക്കാതെയാണ് സ്വാകാര്യ വാഹനങ്ങൾ വിതരണം നടത്തുന്നത്. . ഇവർ വെള്ളം ശേഖരിക്കുന്ന പുഴയിൽ വിഷം കലർത്തി മീൻപിടിത്തവും വ്യാപകമാണ്.