തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ പൂട്ടിയിട്ട് ഒരുമാസം. ഓപ്പറേഷൻ ആവശ്യമായി വരുന്നവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുകയാണ് ഡോക്ടർമാർ. പക്ഷേ അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല. .
പ്രതിമാസം ഇരുന്നൂറിലേറെ ഓപ്പറേഷൻ നടക്കുന്ന ആശുപത്രിയാണിത്. എന്നിട്ടും താത്കാലിക സംവിധാനങ്ങൾ ഒരുക്കാൻപോലും അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞമാസം ഏഴിന് ജനറേറ്റർ തകരാറിലായതോടെയാണ് ശസ്ത്രക്രിയകൾ മുടങ്ങിയത്. ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതാണ് ശസ്ത്രക്രിയാ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചത്. ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ വയറിംഗ് തകരാറിലാണ്. ഇതുസംബന്ധിച്ച് പലപ്രാവശ്യം പരാതികൾ ഉയർന്നെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻപോലും അധികൃതർ തയ്യാറായില്ല. പുതിയതായി വയറിംഗ് നടത്തിയാലെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയുവെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. ഇക്കാര്യത്തിൽ ഇത്രയേറെ കാലതാമസം ഉണ്ടോയെന്നാണ് രോഗികളുടെ സംശയം. ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാക്കി അടിയന്തരമായി തുറന്നുകൊടുക്കണമെന്ന് നഗരസഭാ ചെയർമാൻ അദ്ധ്യക്ഷനായ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേർന്ന് ആഴ്ചകൾക്ക് മുമ്പ് തീരുമാനമെടുത്തതാണ്. നഗരസഭാ പ്ലാൻ ഫണ്ടിൽ നിന്ന് തുക അനുവദിക്കാനും തീരുമാനിച്ചിരുന്നു. എന്നിട്ടും വേണ്ടപ്പെട്ടവർ അനങ്ങാപ്പാറനയം സ്വീകരിക്കുന്നത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
ഇന്നലെയും പറഞ്ഞയച്ചു
16 രോഗികളെ
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ശസ്ത്രക്രിയ ഏറെയും നടക്കുന്നത്. ഇതിനായി ദിവസവും ബുക്ക് ചെയ്ത് നൽകുകയാണ് ചെയ്തുവരുന്നത്. ഗർഭിണികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ശസ്ത്രക്രിയ നടക്കണമെങ്കിൽ ഓപ്പറേഷൻ തീയറ്റർ ആവശ്യമാണ്. ഈസാഹചര്യത്തിൽ ഇന്നലെയും പലരെയും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കേണ്ടി വന്നു. ഓപ്പറേഷൻ തീയറ്റർ എപ്പോൾ പൂർണമായി സജ്ജമാകുമെന്ന കാര്യത്തിലും വ്യക്തതയില്ലാത്തതിനാൽ രോഗികളുടെ ജീവൻകൊണ്ട് കളിക്കാൻ ഡോക്ടർമാർ തയ്യാറല്ല. ഇതുകാരണം മിക്കദിവസങ്ങളിലും പത്തും ഇരുപതും പേരെ റഫർ ചെയ്യുകയാണ്. ഓപ്പറേഷൻ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചതുകാരണം നിരവധി രോഗികളാണ് വലയുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുക മാത്രമാണ് ഇവർക്ക് മുമ്പിലുള്ള ഏക പോംവഴി.
-----------------------
ജനറേറ്റർ തകരാറിനെ തുടർന്ന് അടച്ചിട്ട ഓപ്പറേഷൻ തീയറ്റർ തുറക്കാൻ അടിയന്തര നിർദ്ദേശം നൽകും.
മാത്യു ടി.തോമസ് എം.എൽ.എ
-----------------