ഇളമണ്ണൂർ ലില്ലിച്ചെടികൾ പൂവിടുന്ന കാലമെത്തി. വേനൽച്ചൂടിലും കാഴ്ചയുടെ വസന്തം ഒരുക്കുകയാണിവ. പുറമേ അവശേഷിപ്പുകളൊന്നും പ്രകടമാക്കാതെ മാസങ്ങളോളം മണ്ണിനടിയിൽ കിടക്കുകയും പിന്നീട് മുളപൊട്ടി പൂവിടുകയും ചെയ്യുന്നു എന്നതാണ് ലില്ലിയുടെ പ്രത്യേകത. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് വ്യാപകമായി പൂവിടുന്നത്. മണ്ണിൽ നിന്നുള്ള ഇൗ ഉയർത്തെഴുന്നേൽപ്പിനെ ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധിപ്പിച്ചാകണം ഈസ്റ്റർ ലില്ലികളെന്നും ഇവയ്ക്ക് പേരുണ്ട്. വിദേശ സസ്യമാണെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഉയർന്നു നിൽക്കുന്ന കുഴലാകൃതിയുള്ള തണ്ടുകളിലാണ് പൂക്കൾ വിരിയുക. ഉള്ളിച്ചെടിക്ക് സമാനമാണ് ചെടിയുടെ കാണ്ഡം. ഓറഞ്ച് നിറത്തിലുള്ള പൂക്കളുടെ മദ്ധ്യത്തിൽ ഇളംപച്ചയും മഞ്ഞയും കലർന്നിട്ടുണ്ട്. ഒരു തണ്ടിൽ രണ്ട് പൂക്കൾ മാത്രം. ഒരു പൂവിൽ ആറോ, ഏഴോ ഇതളുകൾ. കടുംപച്ച നിറത്തിലുള്ള തണ്ടുകൾക്കു മേലെയുള്ള ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ചെടിയുടെ ഭംഗി ഇരട്ടിപ്പിക്കുന്നു. ചെടിയുടെ കാണ്ഡത്തിൽ മണ്ണിനടിയിലുള്ള ഭാഗത്ത് വിഷാംശമുണ്ടെന്ന് പറയുന്നുണ്ട് .കൊടുമണ്ണിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളിൽ ലില്ലിച്ചെടികൾ ധാരാളമായുണ്ട്.