അടൂർ : ഉന്നത നിലവാരത്തിൽ ടാറിംഗ് നടപടികൾ പൂർത്തിയായി വരുന്ന കെ. പി റോഡിൽ വീണ്ടും പൈപ്പുപൊട്ടി. ഇതിനെ തുടർന്ന് ആദ്യഘട്ട ടാറിംഗ് നടത്തിയ ഭാഗം വീണ്ടും വെട്ടിപ്പൊളിക്കേണ്ട സ്ഥിതിയാണ്. അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലാണ് കെ. പി റോഡിന്റെ തകർച്ചയുടെ പ്രധാന കാരണം.
ഇതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് നിലവാരം കുറഞ്ഞ പഴയ ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി ഉന്നത നിലവാരമുള്ള ഡി. ഐ പൈപ്പുകൾ സ്ഥാപിച്ചത്. എന്നാൽ നിർമ്മാണത്തിലെ അപാകത കാരണം പൈപ്പുപൊട്ടൽ തുടരുകയാണ്. പൈപ്പ് മാറ്റി ഇടുന്നതിലുണ്ടായ കാലതാമസം മൂലമാണ് കഴിഞ്ഞ നവംബറിന് മുമ്പ് തീർക്കേണ്ട കെ. പി റോഡിലെ അടൂർ മുതൽ മരുതിമൂട് വരെയുള്ള ടാറിംഗ് പൂർത്തിയാകാൻ വൈകിയത്.
നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് കഴിഞ്ഞ ദിവസം കോട്ടമുകൾ ഭാഗത്ത് പൈപ്പിൽ ചോർച്ചയുണ്ടായി റോഡിലേക്ക് വെള്ളം കയറിയത്. ഇതിന് പുറമേ അടൂർ സെൻട്രൽ ജംഗ്ഷന് കിഴക്ക് ഭാഗത്തും അടൂർ വലിയതോടിന് കുറുകെയുള്ള പാലത്തിന് മുകളിൽ സ്ഥാപിച്ച പൈപ്പിലേയും ചോർച്ച കാരണം ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാവുന്നത്. അവസാന ഘട്ടമെന്ന നിലയിൽ ബിറ്റുമിനസ് കോൺക്രീറ്റ് ജോലികൾ മാത്രമാണ് റോഡിൽ ശേഷിക്കുന്നത്. പൈപ്പ് മാറ്റിയിടുന്ന ജോലികൾ പൂർത്തീകരിച്ച ശേഷം ടാറിംഗിനായി വാട്ടർ അതോറിട്ടി റോഡ് ഒൗദ്യോഗികമായി കൈമാറിയിട്ടും പലയിടങ്ങളിലും ചോർച്ചയുണ്ടായി. ഇതിനെ തുടർന്ന് റോഡ് പുനരുദ്ധാരണം അനന്തമായി നീളുകയായിരുന്നു. അടക്കടിയുള്ള പൈപ്പ് പൊട്ടൽ കാരണം ശുദ്ധജല വിതരണ പദ്ധതിയിലെ ജലവിതരണവും അവതാളത്തിലാണ്