തിരുവല്ല: നഗരത്തിലെ തകർന്നുകിടക്കുന്ന എം.സി റോഡിന്റെ പുനരുദ്ധാരണ ജോലികൾ വൈകുന്നു. പൈപ്പ് മാറ്റിയിടുന്ന ജോലികൾ മന്ദഗതിയിലാണ് . രണ്ടു ജോലികളും കെ.എസ്.ടി.പി യുടെ നേതൃത്വത്തിലാണ് നടക്കുന്നത്. എം.സി. റോഡിൽ മഴുവങ്ങാട് ചിറ മുതൽ രാമഞ്ചിറ വരെയുള്ള ഭാഗത്താണ് നവീകരണം നടക്കേണ്ടത്. ഈ ഭാഗത്ത് പലയിടത്തും കുണ്ടുംകുഴിയും നിറഞ്ഞു കിടക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ മെല്ലെപ്പോകുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.. പഴയ പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ മഴുവങ്ങാട് നിന്ന് രണ്ടുമാസം മുമ്പാണ് തുടങ്ങിയതെങ്കിലും കുറച്ചുദൂരം മാത്രമാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. മഴുവങ്ങാട് പാലത്തിന്റെ ഇരുവശത്തുമായി മൂന്നിടത്ത് പൈപ്പ് മാറ്റിയിട്ടിരുന്നു. രാമഞ്ചിറ മുതൽ ജല അതോറിട്ടി ഒാഫീസ് പരിസരം വരെ ചങ്ങനാശേരി നഗരസഭയിലേക്കുള്ള പൈപ്പ് മാറ്റിയിട്ടിട്ടുണ്ട്. റോഡിന്റെ തലങ്ങും വിലങ്ങും പലയിടത്തും പൈപ്പുകൾ മാറ്റി സ്ഥാപിക്കാനുണ്ട്. ഇതുവരെ മാറ്റിയിട്ടതു ചെറിയ പൈപ്പുകൾ മാത്രമാണ്. കല്ലിശേരിയിൽ നിന്നു തിരുവല്ലയിലെ സംഭരണിയിലേക്കു വെള്ളം കൊണ്ടുവരുന്ന 700 എം.എമ്മിന്റെ പൈപ്പ് ദീപ ജംഗ്ഷൻ മുതൽ ജല അതോറിട്ടി പരിസരം വരെ 110 മീറ്റർ മാറ്റിയിടാനുണ്ട്. ചങ്ങനാശേരിയിലേക്കുള്ള ലൈനും 200 മീറ്റർ മാറ്റിയിടാനുണ്ട്. റോഡിനു കിഴക്കുവശമുള്ള പൈപ്പും മഴുവങ്ങാട് ഭാഗത്തെ കുറെ പൈപ്പുകളും ഇനിയും ഇട്ടിട്ടില്ല. മൂന്നിടത്ത് റോഡ് കുറുകെ കുഴിച്ചു വേണം പൈപ്പിടാൻ.
മഴക്കാലത്തിനു മുമ്പ് തീരുമോ ?
പൈപ്പുകൾ മാറ്റിയിടുമ്പോൾ നഗരത്തിൽ ഗതാഗതക്കുരുക്കും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്.. പൈപ്പ് മാറ്റിയിടുന്ന ജോലി പൂർത്തിയാക്കിയതിനു ശേഷമാണ് എം.സി റോഡിന്റെ പുനരുദ്ധാരണം നടത്തേണ്ടത്. ബൈപ്പാസിന്റെ പണികൾ ബി വൺ റോഡ് വരെയുള്ള ഭാഗം ഈമാസം തീരുംമുമ്പ് പൂർത്തിയാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. പൈപ്പ് മാറ്റിയിടുന്ന ജോലികൾ വൈകിയാൽ മറ്റു ജോലികളും അവതാളത്തിലാകും. പണികൾ വൈകുന്നതിനാൽ അടുത്ത മഴക്കാലത്തിനു മുമ്പ് പൈപ്പ് മാറ്റിയിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ ബുദ്ധിമുട്ടേണ്ടിവരും.