പത്തനംതിട്ട : പി.സി. ജോർജ് എം.എൽ.എ രക്ഷാധികാരിയായ ജനപക്ഷം സെക്കുലർ എൻ.ഡി.എയിൽ ചേർന്നു. പത്തനംതിട്ട പ്രസ്ക്ളബിൽ ബി.ജെ.പി ദേശീയ സെക്രട്ടറി വൈ. സത്യകുമാർ, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള എന്നിവർക്കൊപ്പം ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി.സി. ജോർജ് തീരുമാനം പ്രഖ്യാപിച്ചത്. മകൻ ഷോൺ ജോർജാണ് പാർട്ടി ചെയർമാൻ. പി.സി. ജോർജ് എൻ.ഡി.എയ്ക്കൊപ്പം ചേർന്നതോടെ മുന്നണിക്ക് രണ്ട് എം.എൽ.എമാരായി. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ എൻ.ഡി.എയുടെ വിജയം നൂറ് ശതമാനം ഉറപ്പാണെന്ന് ജോർജ് പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച പല കാര്യങ്ങളും അഞ്ച് വർഷം കൊണ്ട് മോദി സർക്കാർ നടപ്പാക്കി. റബറിനെ നാണ്യവിളയിൽ നിന്ന് മാറ്റി കാർഷിക വിളയാക്കാമെന്ന് ഉറപ്പു നൽകി. കസ്തൂരി രംഗൻ റിപ്പോർട്ടിൽ നിന്ന് ജനവാസമേഖലകളെ ഒഴിവാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.
എൻ.ഡി.എയിൽ ചേരുന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയില്ല. പുറത്തു പോയ കോട്ടയം ജില്ലാ പ്രസിഡന്റ് ഇന്നലെ പാർട്ടിയിൽ തിരിച്ചെത്തി. കൊല്ലം ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം കോൺഗ്രസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തിരിച്ച് വരാൻ തന്നെ വിളിക്കാതെ ഷോൺ ജോർജിനെ വിളിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ പതിമ്മൂന്നു ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ടെന്നു ജോർജ് പറഞ്ഞു.