venu
വേണുഗോപാൽ ആറന്മുള ഇലക്ട്രോണിക്സ് റിപ്പയറിംഗിൽ.

ആറൻമുള: പമ്പാതീരത്ത് തിരഞ്ഞെടുപ്പിന്റെ ആരവം കൊഴുക്കുമ്പോൾ സർവതും പ്രളയത്തിൽ നഷ്ടമായതിന്റെ വേദനയിലാണ് ആറന്മുളക്കാർ. ആറന്മുള കണ്ണാടി നിർമ്മാണശാലകൾ ഉൾപ്പെടെ ചെറുകിട വ്യാപാരമേഖലയെ അടിമുടി തകർത്തുകളഞ്ഞിരുന്നു പ്രളയം.

വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കും പ്രളയ ശേഷം ജില്ലയിൽ ഒരിടത്തും യാതൊരു സഹായവും ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. ആറന്മുളയിലെ വ്യാപാരികളുടെയും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ മുൻകൈയെടുത്ത് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല.

പ്രളയം തകർത്ത തന്റെ സ്വപ്നങ്ങൾ പങ്കുവയ്ക്കുകയാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഇലക്ട്രോണിക്‌സ് റിപ്പയറിങ്ങ് ജോലികൾ ചെയ്യുന്ന വേണുഗോപാൽ. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കടമുറിയെടുത്ത് ഇലക്ടോണിക്‌സ് റിപ്പയിറിംഗും ഫാൻസി വ്യാപാരവും നടത്തിവരുന്നതിനിടെയാണ് പ്രളയം അപ്രതീക്ഷിതമായി ഭാവിയെത്തന്നെ പ്രതിസന്ധിയിലാക്കിയത്. ഇത് ഒരാളുടെ കഥയല്ല, ചെറുകിട വ്യാപാരികളെല്ലാം ദുരിതത്തിലാണ്. ആറന്മുള വള്ളസദ്യക്കാലവും വള്ളംകളിയും മുന്നിൽക്കണ്ട് കടയിൽ കരുതിയിരുന്ന നാല് ലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ പ്രളയത്തിൽ നഷ്ടമായി. ജീവൻ രക്ഷിക്കാൻ പാർത്ഥസാരഥി ക്ഷേത്രത്തിലാണ് അഭയം തേടിയത്. അവിടെയാകട്ടെ മൂന്നൂറിലേറെ നാട്ടുകാരാണ് പ്രളയ കാലത്ത് അഭയാർത്ഥികളായത്.

പ്രളയ ശേഷം ഒരു തരത്തിലുള്ള സഹായവും ഒരിടത്തു നിന്നും ലഭിച്ചില്ലെന്ന് വേണുഗോപാൽ പറഞ്ഞു. കട ഉപേക്ഷിച്ച് ഇലക്ട്രോണിക് റിപ്പയറിങ്ങ് വീട്ടിലേക്ക് മാറ്റുകയായിരുന്നു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച സാധനങ്ങൾ പലതും അറ്റകുറ്റപ്പണിക്ക് എടുത്തിട്ടും പ്രയോജനമുണ്ടായില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല ആറന്മുളയിലെ നൂറുകണക്കിന് വ്യാപാരികൾക്കാണ് കടം വാങ്ങിയും മറ്റും നടത്തിക്കൊണ്ടിരുന്ന വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നത്. ആറന്മുള , കുറിച്ചിമുട്ടം, മാലക്കര, ആറാട്ടുപുഴ, കിടങ്ങന്നൂർ ഇടശേരിമല മല്ലപ്പുഴശേരി, പുന്നംതോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ അൻപതോളം വരുന്ന ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾക്ക് അഞ്ച് കോടിയോളം രൂപയാണ് നഷ്ടമായത്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നവർ തങ്ങൾക്ക് നേരിട്ട നഷ്ടത്തിന് പരിഹാരം കൂടി ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

----------------------

'വ്യാപാരികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കും'

പ്രളയമേഖലയും നഷ്ടം സംഭവിച്ചവരെയും നേരിൽക്കണ്ട ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വ്യാപാരികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പുനൽകി. പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കേണ്ട പത്തനംതിട്ട ജില്ലയിലെ എം.എൽ.എമാർ മുഖ്യമന്ത്രിയെ ഭയന്ന് മൗനം പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.