പത്തനംതിട്ട : പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 16ന് എത്തിച്ചേരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ജില്ലാ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു.പടുകൂറ്റൻ പന്തലാണ് തയ്യാറാകുന്നത്. എത്തിച്ചേരുന്ന എല്ലാ പ്രവർത്തകർക്കും രാഹുൽ ഗാന്ധിയുടെ പ്രസംഗം ഇരുന്നു കേൾക്കാനുള്ള സൗകര്യമുണ്ടാകും. ഒരുലക്ഷം പേർ പങ്കെടുക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കരുതുന്നു. ഒരു ബൂത്തിൽ നിന്ന് 100 പ്രവർത്തകർ വീതം എത്തിച്ചേരാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.
പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി ഡി.സി.സി പ്രസിഡന്റ് ബാബുജോർജിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം സന്ദർശിച്ച് വിലയിരുത്തി. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എ.ഐ.സി.സി നിരീക്ഷകനും തമിഴ്നാട് മുൻ എം.എൽ.എയുമായ ടി.എം. മുരുകാനന്ദ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ എ.സുരേഷ് കുമാർ, അനിൽ തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൾ സലാം എന്നിവരും ഒപ്പമുണ്ടായിരുന്നു.