പത്തനംതിട്ട : കടമ്മനിട്ടക്കാർക്കിനി പടേനിയുടെ ആഘോഷനാളുകളാണ്. കരവാഴുന്ന ഭഗവതിയ്ക്ക് കരക്കാർ സമർപ്പിക്കുന്ന കാലവഴിപാടാണ് പടേനി. മേടം ഒന്ന് വിഷുവിന് ചൂട്ട് വച്ച് പച്ചത്തപ്പ് കൊട്ടി ദേവിയെ കളത്തിലിറക്കി പത്താമുദയത്തിൽ പകൽ പടേനിയോടെ സമാപനം.
മദ്ധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിലും കാവുകളിലും ദേവപ്രീതിയ്ക്കായി നടത്തിയിരുന്ന അനുഷ്ഠാന കലയാണ് പടേനി. പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന കലാരൂപമാണിത്. പടേനി നടക്കുന്ന ക്ഷേത്രങ്ങളെ കാവ് എന്നാണ് അറിയപ്പെടുന്നത്. ആൽ, പന, പാല, ഇലഞ്ഞി, പനച്ചി എന്നീ പഞ്ചവൃക്ഷങ്ങളിൽ വസിക്കുന്ന അമ്മയ്ക്കിഷ്ടമായ ഇടം എന്നരീതിയിലാണ് കടമ്മനിട്ട എന്ന പേര് വന്നതെന്ന് കരതുന്നു. പ്രകൃതിയെ ഹൃദയവുമായി ബന്ധപ്പെടുത്തുന്നവരാണ് പടേനി കലാകാരൻമാർ.
ഐതിഹ്യം
ദാരികാസുരൻ ബ്രഹ്മദേവനെ തപസ് ചെയ്ത് സ്ത്രീകളൊഴികെ ആരാലും താൻ കൊല്ലപ്പെടരുതെന്ന വരം ചോദിക്കുകയും അത് ലഭിക്കുകയും ചെയ്യുന്നിടത്താണ് പടയണിയുടെ കഥാരംഭം. സ്ത്രീകൾ അബലകളായതിനാൽ തന്നെ കൊല്ലാൻ സാദ്ധ്യത ഇല്ലെന്ന് കണ്ടാണ് ദാരികാസുരൻ ഇങ്ങനെയൊരു വരം ചോദിച്ചത്. എന്നാൽ ദാരികാസുരന്റെ ശല്യം സഹിക്ക വയ്യാതെ ദേവൻമാരടക്കം പരമശിവനോട് സഹായമഭ്യർത്ഥിക്കുകയും തൃക്കണ്ണിൽ നിന്ന് കാളിയെ സൃഷ്ടിക്കുകയും ചെയ്തു.
ദാരികാ നിഗ്രഹത്തിന് ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തമാക്കാനായി പരമശിവന്റെ ഭൂതഗണങ്ങൾ വാദ്യമേളങ്ങളും തുള്ളലും ഹാസ്യ സംവാദങ്ങളും നടത്തി. കലിപൂണ്ട കാളി ശാന്തയാവുകയും ഇരുട്ട് മാറി വെളിച്ചമാകുകയും ചെയ്തു എന്നാണ് വിശ്വാസം. ഇരുട്ടിന്റെ പ്രതീകമാണ് ദാരികൻ. ഇരുട്ടിന്റെ മേൽ ആധിപത്യം നേടുന്ന വെളിച്ചമാണ് പടേനി എന്ന കലാരൂപം.