പത്തനംതിട്ട: ത്രികോണപ്പോരിൽ പത്തനംതിട്ട മണ്ഡലത്തിൽ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. വികസനം പുറമേ പറയുമെങ്കിലും 'വിശ്വാസം' അടിയൊഴുക്കാകുമെന്നാണ് സൂചന. ശബരിമലയിലെ ആചാര സംരക്ഷണം എൻ.ഡി.എ മുറുകെപ്പിടിക്കുന്നു. വിജയിക്കുക എന്നതുമാത്രം ലക്ഷ്യമാക്കി സംഘപരിവാർ സംഘടനാശക്തി മുഴുവൻ പുറത്തെടുക്കുകയാണ്. എന്നാൽ, വിധിയെഴുത്ത് ആചാര സംരക്ഷണത്തിന്റെ പേരിലാവില്ലെന്ന് യു.ഡി.എഫും എൽ.ഡി.എഫും പറയുന്നു. എൻ.ഡി.എയ്ക്ക് മൂന്നാം സ്ഥാനം തന്നെയെന്നാണ് ഇരു മുന്നണി നേതാക്കളുടെയും വിലയിരുത്തൽ. യു.ഡി.എഫിന്റെ ഉറച്ച കോട്ടയിൽ ഇത്തവണയും വിള്ളലുണ്ടാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ആന്റോ ആന്റണി വിജയം ആവർത്തിക്കുമെന്ന് അവർ ഉറപ്പിച്ച് പറയുന്നു.
അതേസമയം, ആചാര സംരക്ഷണം യു.ഡി.എഫിന്റെയും പ്രചാരണ വിഷയമാണ്. പ്രളയത്തിലെ രക്ഷാപ്രവർത്തനവും ആറന്മുള മണ്ഡലത്തിൽ എം.എൽ.എ എന്ന നിലയിൽ വീണാ ജോർജ് ചെയ്ത വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു. സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പിയും യു.ഡി.എഫും ആചാരസംരക്ഷകരായി എത്തുന്നതിലെ ഇരട്ടത്താപ്പ് എൽ.ഡി.എഫിന് പ്രതിരോധ കവചമാണ്. എന്നാൽ, ഇക്കുറി പത്തനംതിട്ടയിൽ കെ. സുരേന്ദ്രനിലൂടെ താമര വിരിയുമെന്ന് എൻ.ഡി.എ ക്യാമ്പ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
സ്ഥാനാർത്ഥികളുടെ പര്യടന പരിപാടികളിൽ ആൾക്കൂട്ടത്തെയിറക്കി ശക്തിപ്രകടനം നടത്തുന്ന മത്സരത്തിലാണ് മുന്നണികൾ. ശബരിമല ആചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങി ജയിൽവാസം അനുഭവിച്ച ആളെന്ന നിലയിൽ കെ.സുരേന്ദ്രനോട് അമ്മമാർ വിശ്വാസത്തിന്റെ പേരിൽ അടുപ്പം കാട്ടുന്നത് കണ്ട്, തങ്ങളുടെ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രകളെത്തന്നെ രംഗത്തിറക്കുകയാണ് യു.ഡി.എഫും എൽ.ഡി.എഫും.
അനുകൂലം
എൽ.ഡി.എഫ്: സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങൾ. ആറന്മുള മണ്ഡലത്തിന് വേണ്ടി വീണാ ജോർജ് എം.എൽ.എ നടത്തിയ വികസന പ്രവർത്തനങ്ങൾ. പ്രളയരക്ഷാ പ്രവർത്തനം.
യു.ഡി.എഫ്: രാഹുൽഗാന്ധിയുടെ വരവ്. എം.പി എന്ന നിലയിൽ പത്തുവർഷത്തെ ആന്റോ ആന്റണിയുടെ പ്രവർത്തന നേട്ടങ്ങൾ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ.
എൻ.ഡി.എ: മോദി സർക്കാരിന്റെ നേട്ടങ്ങൾ. വിശ്വാസ സംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങൾ. കെ.സുരേന്ദ്രനെ സ്ഥാനാർത്ഥിയായി കിട്ടിയത്.
പ്രതികൂലം
എൽ.ഡി.എഫ്: പത്തുവർഷമായി യു.ഡി.എഫിന്റെ സീറ്റ്. ആദ്യഘട്ടത്തിലെ ആവേശത്തിൽ നിന്ന് പിന്നാക്കം പോയെന്ന ആക്ഷേപം. ശബരിമല വിഷയത്തിൽ പ്രതിരോധത്തിലായത്.
യു.ഡി.എഫ്: മണ്ഡലത്തിന് സ്വന്തമായി ഒരു പദ്ധതിയും കൊണ്ടുവന്നില്ല. പ്രചാരണത്തിന് തീവ്രതയില്ല. പാർട്ടി സംവിധാനങ്ങളുടെ പതിവ് ആലസ്യം.
എൻ.ഡി.എ: പുറമേയുള്ള റോഡ് ഷോയിൽ പ്രചാരണം ഒതുങ്ങുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പോയത് കാരണമുള്ള സമയക്കുറവ്. വികസനത്തിൽ നിന്ന് വിശ്വാസത്തിലേക്ക് പ്രചാരണ വിഷയം ഉൗന്നിയത്.