പത്തനംതിട്ട : കാടിന്റെ വ്യവസ്ഥയിൽ ആദിവാസികൾ അനുഷ്ഠിച്ചു പോന്ന കലാരൂപമായിരുന്നു പടേനി. ഇത് ക്ഷേത്രകല ആയി തെറ്റിദ്ധരിക്കുന്നവരുണ്ട്. കാവിന്റെ കല ആണ് പടേനി. ദുർദേവതകളിൽ നിന്ന് രക്ഷനേടാൻ ദേവതകളെ പ്രീതിപ്പെടുത്താൻ ആദിവാസി സമൂഹങ്ങൾ പടേനി അനുഷ്ഠിച്ചിരുന്നു. കാട് വെട്ടിത്തെളിക്കാൻ തുടങ്ങിയപ്പോൾ, അത് പ്രകൃതിയ്ക്ക് ദോഷമാണെന്ന് മനസിലാക്കിയ ആദിമജനത കാവുകൾ നിർമ്മിക്കാൻ തുടങ്ങി. കാവിൽ ആൽ, പന, പാല, ഇലഞ്ഞി, പനച്ചി തുടങ്ങിയ മരങ്ങൾ വച്ച് പിടിപ്പിച്ചു. അതിന് ശേഷം അവിടേക്ക് ആരും കടക്കാതിരിക്കാനായി യക്ഷിക്കഥകളും മെനഞ്ഞു. അങ്ങനെ അവിടെ മരങ്ങൾ തഴച്ചു വളർന്നു. അവർ സമൂഹ നന്മയ്ക്കായി പടേനി നടത്തി. വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ടുകൂട്ടങ്ങൾ പച്ചത്തപ്പ് കൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെ കര മുഴുവൻ ആഘോഷമാക്കിയ പടയണി അനുഷ്ഠാന കലയായി മാറി.

മേടം ഒന്നിന് ഏഴര നാഴിക ഇരുട്ടികഴിയുമ്പോൾ...

കടമ്മനിട്ടയിൽ കാനാട്ട്, നെടുവംമ്പ്ര, ഐക്കാട്, കുരുംമ്പേലിൽ എന്നീ കുടുംബങ്ങളാണ് പടയണിയ്ക്ക് നേതൃത്വം നല്കുന്നത്. മേടം ഒന്നിന് ഏഴര നാഴിക ഇരുട്ടികഴിയുമ്പോൾ പടേനിയാശാൻ ഐക്കാട് കുടുംബത്തിൽ നിന്ന് കൊണ്ടു വരുന്ന ചൂട്ട് ക്ഷേത്രത്തിനുള്ളിൽ കൊണ്ടു പോകും. ഐക്കാട് കുടുംബത്തിൽ പടയണിക്കളരി ഉണ്ടായിരുന്നതിനാൽ കാലങ്ങളായി ഇവിടെ നിന്നാണ് ചൂട്ട് കൊണ്ടു വരുന്നത്. പൂജാരി പ്രധാനപ്പെട്ട വിളക്കിൽ നിന്നുള്ള തീ ചൂട്ടിൽ കത്തിച്ച് പടയണിയാശാന് നല്കും. അദ്ദേഹം പിന്നോട്ട് ചുവട് വച്ച് ഇറങ്ങി ദേവിക്ക് അഭിമുഖമായി ചൂട്ട് വയ്ക്കും. ഐക്കാട്ട് കുടുംബമാണ് ആ വർഷത്തെ ഫലമറിയാനുള്ള നാളികേരവും കൊണ്ടു വരേണ്ടത്. ഈ നാളികേരം പൊട്ടിച്ച് അതിൽ അക്ഷതവും എള്ളും പൂവും ഇടും. ഇത് ഏത് ഭാഗത്താണോ അടുക്കുന്നത് അതാണ് ആ വർഷത്തെ പടയണി കാലത്തെ ഫലം. ഇങ്ങനെ ആദ്യ ദിവസത്തെ പടയണി ആരംഭിക്കും. അടുത്ത ദിവസങ്ങളിലായി ചൂട്ട് കറ്റയുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ പിശാച്, മറുത, യക്ഷി, കാലൻ, ഭൈരവി തുടങ്ങിയ കോലങ്ങൾ കെട്ടിയാടും. താവടി, പുലവൃത്തം, പരദേശി, അടവി അങ്ങനെ വിവിധ ചടങ്ങുകളും കടമ്മനിട്ട പടേനിയുടെ പ്രത്യേകതകളാണ്.