പത്തനംതിട്ട: പരിശോധനകളോ അറസ്റ്റുകളോ ഒന്നും വിഷയമല്ല. കഞ്ചാവ് എവിടെയും കിട്ടുമെന്ന അവസ്ഥയാണിപ്പോൾ. ഏപ്രിൽ 1 മുതൽ ഇന്നലെ വരെ 18 കഞ്ചാവ് കേസുകളാണ് പത്തനംതിട്ട എക്സൈസ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകൾ 35 എണ്ണവും. റാന്നിയിൽ 2 കഞ്ചാവ് കേസുകളും അടൂരും ഏനാത്തും കൊടുമണ്ണുമായി രണ്ട് കേസുകളും, തിരുവല്ലയിൽ 10 കേസും രജിസ്റ്റർ ചെയ്തു. താലൂക്കിന്റ പല ഭാഗത്ത് നിന്നായി 1.400 കി.ഗ്രാം കഞ്ചാവും പിടികൂടി. നെട്രോസെബാൻ ടാബിലറ്റും കിഴക്കൻ മുത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. രണ്ടു വാഹനങ്ങൾ പിടികൂടി, ഒരാൾ അറസ്റ്റിലാകുകയും ചെയ്തു. കൂടാതെ പുകയില ഉദ്പ്പന്നങ്ങളും പിടികൂടി. കൂടുതലും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിലാണ് കഞ്ചാവിന്റെ ഉപയോഗം കൂടുതലായി കണ്ടു വരുന്നതെന്ന് എക്സൈസ് അധികൃർ തന്നെ വ്യക്തമാക്കുന്നു.. ചെറിയ പൊതികളിൽ വിൽക്കുന്ന കഞ്ചാവിന് 150 രൂപ മുതൽ മുകളിലേക്കാണ് വില. പ്രശ്‌നത്തിന്റെ ഗൗരവം അറിഞ്ഞ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുമുണ്ട്.
അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ് കഞ്ചാവ് കച്ചവടക്കാരിൽ ഏറെയും. ഇതിൽ സ്ത്രീകളും വൃദ്ധരുമുണ്ട്. തമിഴ്‌നാടിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് ജില്ലയിലേക്കാവശ്യമുള്ള ലഹരി വസ്തുക്കൾ കൂടുതലായും എത്തുന്നത്. സ്‌കൂൾ വിദ്യാർത്ഥികളും കഞ്ചാവ് മാഫിയകളുടെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്. അതിരാവിലെയും രാത്രികാലങ്ങളിലുമാണ് ഇവരുടെ കച്ചവടം. കഞ്ചാവിനൊപ്പം അപകടകാരികളായ ലഹരി വസ്തുക്കളും വ്യാപകമായിട്ടുണ്ട്. മല്ലപ്പള്ളി, വായ്പ്പൂര് ബസ് സ്റ്റാൻഡ്, മേത്താനം തുടങ്ങിയ മലയോര ഗ്രാമങ്ങളിലും അടൂർ, പന്തളം, തിരുവല്ല എന്നീ നഗരസഭ പ്രദേശത്തും ലഹരി കച്ചവടം വ്യാപകമാണ്.
എക്സൈസുകാരുടെ കുറവ്
ഡിപ്പാർട്ട്മെന്റിൽ ആളിന്റെ കുറവ് ജോലിയെ ബാധിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതർ തന്നെ വ്യക്തമാക്കുന്നു. റെയ്ഡുകൾ വ്യാപകമാക്കുന്നുണ്ട്. എക്സൈസ് ഡിപ്പാർട്ട്മെന്റിൽ സ്റ്റേഷന്റെ ഏരിയകൾ വലുതും ആളിന്റെ എണ്ണം കുറവുമാണ്.
999 ഗ്രാം കഞ്ചാവ് വരെ കൈവശം വയ്ക്കുന്നവർക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കാറുണ്ട്. ഒരു കിലോയിൽ കൂടുതലുണ്ടെങ്കിൽ മാത്രമേ ജാമ്യം നിഷേധിക്കാറുള്ളൂ. പലരും നിയമത്തിന്റെ പഴുത് മുതലെടുത്താണ് വിൽപ്പന നടത്തുന്നത്.
(എക്സൈസ് അധികൃതർ)