പത്തനംതിട്ട: ദുരിതം ഒഴിയാതെ ജില്ലയിലെ കശുഅണ്ടിമേഖല. വിപണിയിലെ വിലയിടിവ് മുതൽ തൊഴിലിടത്തെ ആരോഗ്യ പ്രശ്‌നങ്ങൾ വരെ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നു. നാൽപ്പതോളം കശുഅണ്ടി ഫാക്ടറികളായിരുന്നു മുമ്പ് കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ഇപ്പോഴത്തെ പത്തനംതിട്ട ജില്ലയുടെ അടൂർ മേഖലയിലുള്ളത്. വിവാദങ്ങളുടെ പിന്നാലെ പരക്കം പായുന്ന ഈ തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആരും തയ്യാറാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ചിലരാകട്ടെ പഴയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നുപോലും നടപ്പാക്കാത്തതിലുള്ള പ്രതിഷേധം മറച്ചു വച്ചതുമില്ല. മറ്റുചിലർ തൊഴിലിനൊപ്പം ലഭിച്ചിരുന്ന ക്ഷേമ പെൻഷന്റെ ബലത്തിലാണ് ജീവിച്ചിരുന്നത്. അത് ഇപ്പോൾ ലഭിക്കുന്നുമില്ല. രാവിലെ ഏഴിനും എട്ടിനുമിടയിൽ ജോലിക്ക് കയറുന്നവർ വൈകിട്ട് അഞ്ചുവരെ തൊഴിലിടത്തിൽ പണിയെടുക്കുന്നു. ശമ്പളത്തിലുളള വർദ്ധനവ് മുതൽ ബോണസ് പ്രശ്‌നങ്ങൾ വരെ ഇവരെ അലട്ടുന്നു.
കേരളത്തിലിപ്പോൾ കശുഅണ്ടി പ്രധാനമായും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നുമാണ്. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 2018 ഫെബ്രുവരിയിൽ 5 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറച്ചിരുന്നു. എന്നാൽ ഇതിന്റെ ഗുണഫലങ്ങൾ ഇതുവരെ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.
....
ക്ഷേമപദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനം സഹകരിക്കണം: കെ. സുരേന്ദ്രൻ
കശുഅണ്ടി തൊഴിലാളികളുടെ ദുരിതങ്ങൾക്ക് ശമനം കാണാൻ കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പറഞ്ഞു. അടൂർ അസംബ്‌ളി മണ്ഡലത്തിലെ പര്യടനത്തിനിടെ കശുഅണ്ടി മേഖലയിലെ തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ആയുഷ്മാൻ ഭാരത് പോലെയുളള പദ്ധതികൾ സംസ്ഥാനം കൂടി സഹകരിച്ചാൽ കാര്യക്ഷമമായി നടപ്പാക്കാവുന്നതാണ്. ഈ മേഖലയിലെ ക്ഷേമപദ്ധതികൾ പലതും പ്രയോജനപ്പെടുന്നില്ല എന്നത് ഖേദകരമാണ്.
നിലവിൽ അനർഹരായ പലരും ക്ഷേമ പെൻഷനുകൾ വാങ്ങുമ്പോൾ അർഹരായ പലർക്കും അത് കിട്ടുന്നില്ലെന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.