പള്ളിക്കൽ : അടൂർ പട്ടണത്തിലെ മുഴുവൻ മാലിന്യങ്ങളും വഹിച്ചൊഴുകുകയാണ് പള്ളിക്കലാറ്. ഇതിന് പുറമേയാണ് കൈയേറ്റം. 35 മുതൽ 50 മീറ്റർ വരെ വീതിയുണ്ടായിരുന്ന ആറിന് ഇപ്പോൾ 12 മുതൽ 20 മീറ്റർ വരെ വീതിയേയുള്ളു.
പുഴ സംരക്ഷിക്കുന്നതിനായി ശ്രമങ്ങളും നടന്നിരുന്നു. 2016 മേയ് ഒന്നിന് തെങ്ങമത്ത് മന്ത്രി തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് പുഴ സംരക്ഷണത്തിന് രംഗത്തിറങ്ങാൻ തീരുമാനിച്ചു. പള്ളിക്കലാർ സംരക്ഷണ സമിതിയും നിലവിൽവന്നു. പുഴയുടെ ഉത്ഭവസ്ഥാനമായ ഏഴംകുളം കളരിതറകുന്നു മുതൽ പത്തനംതിട്ട ജില്ലയുടെ അതിർത്തി പ്രദേശമായ ചെറുകുന്നം കാഞ്ഞിരത്തിൻ കടവു വരെയുള്ള 21 കിലോമീറ്റർ ദൂരം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യമുക്തമാക്കി.
നാല് ദിവസമായി നടന്ന പുഴസംരക്ഷണ യജ്ഞത്തിൽ ഏഴംകുളം, കടമ്പനാട്, ഏറത്ത്, പള്ളിക്കൽ , തുടങ്ങിയ പഞ്ചായത്തുകളിലെയും അടുർ നഗരസഭയിലെയും അയ്യായിരത്തിയധികം കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും അണിനിരന്നു. . രണ്ടാം ഘട്ടത്തിൽ കൈയേറ്റമൊഴിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നപ്പോഴാണ് അധികൃതർ മടിച്ചത്. വിമർശനം ഉയർന്നതോടെ ഒടുവിൽ കൈയേറ്റം അളന്നു. പഞ്ചായത്തിന്റെ ചെലവിൽ കല്ലുമിട്ടു. മാസങ്ങൾ പിന്നിട്ടിട്ടും കൈയേറ്റക്കാർക്ക് നോട്ടീസ് കൊടുക്കാൻ പോലും നടപടിയുണ്ടായില്ല. ഇതുസംബന്ധിച്ച് കേരളകൗമുദി അടക്കമുള്ള മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. നടപടിയെടുക്കാൻ
അടുർ ആർ ഡി ഒ ആയിരൂന്ന എം എ റഹീം ഉത്തരവിട്ടപ്പോഴാണ് കൈയേറ്റമളന്നപ്പോൾ സ്കെച്ച് തയാറാക്കിയില്ലന്ന വിചിത്രവാദം അടൂർ താലൂക്ക് ഒാഫീസ് അധികൃതർ ഉന്നയിച്ചത്. സ്കെച്ച് തയാറാക്കാതിരുന്നത് ബോധപൂർവമാണന്നും കൈയേറ്റക്കാരെ സഹായിക്കാനാണെന്നും വിമർശനങ്ങൾ ഉയർന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ . അളന്നിട്ട കല്ല് കൈയേറ്റക്കാർ പിഴുതുമാറ്റി. ആറിന്റെ തീരങ്ങൾ വീണ്ടും കാട് കയറി. ആറ്റിൽ മാലിന്യം നിറഞ്ഞു.
അടുർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ ആറ്റിലേക്കാണ് തുറന്നുവിട്ടിരിക്കുന്നത്. . .