റാന്നി: ലോകസഭ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെയും നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും സ്നേഹിക്കും. റാന്നി നിയമസഭാ മണ്ഡലത്തിന്റെ ഇൗ സ്വഭാവത്തിന് കാൽനൂറ്റാണ്ട് പഴക്കമുണ്ട്.
ഇത്തവണ റാന്നിയുടെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രളയത്തിന്റെ ഭീതിയുളള ഒാർമകളുണ്ട്. ശബരിമല ഉൾപ്പെടുന്ന മണ്ഡലമായതിനാൽ ആചാര സംരക്ഷണവും തീ പിടിച്ച വിഷയമാണ്. മൂന്നു മുന്നണികൾക്കും ശക്തമായ വേരാേട്ടമുളള മണ്ണാണ്.
കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫിലെ ആന്റോ ആന്റണിക്ക് റാന്നി വ്യക്തമായ ലീഡ് നൽകിയിരുന്നു. ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന് യു.ഡി.എഫ് പറയുന്നു. ഇടതു സ്വാധീനമേറെയുള്ള മണ്ഡലത്തിൽ വീണാ ജോർജിന്റ് സ്ഥാനാർത്ഥിത്വവും സിറ്റിംഗ് എം.എൽ.എ രാജു ഏബ്രഹാമിന്റെ പിന്തുണയും കൂടിച്ചേർന്ന് മുന്നിലെത്താമെന്ന ചിന്താഗതിയാണ് എൽ.ഡി.എഫിന്. ശബരിമലയുടെ സ്വന്തം മണ്ഡലം ഇത്തവണ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. കെ. സുരേന്ദ്രൻ സ്ഥാനാർത്ഥിയായത് എൻ.ഡി.എയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന സൂചനകളുണ്ട്.
മല്ലപ്പള്ളി, റാന്നി താലൂക്കുകളാണ് മണ്ഡലത്തിലുളളത്. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, അയിരൂർ, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, റാന്നി, പെരുനാട്, ചെറുകോൽ, വടശേരിക്കര, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകൾ.
....
രാഷ്ട്രീയം
2009ൽ ആന്റോ ആന്റണിക്ക് 15,696 വോട്ടിന്റെ ലീഡ് റാന്നി മണ്ഡലം നൽകി. പഴയ റാന്നിയുടെ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകൾ കോന്നിയിലേക്കു നൽകുകയും എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, അയിരൂർ, ചെറുകോൽ പഞ്ചായത്തുകൾ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തപ്പോൾ രാഷ്ട്രീയമായ നേട്ടം ഉണ്ടായെന്ന് യു.ഡി.എഫ് വിലയിരുത്തി. 2011 നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ രാജു ഏബ്രഹാം വിജയിച്ചത് 6614 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണി നേടിയത് 9091 വോട്ടിന്റെ ലീഡ്. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച രാജു ഏബ്രഹാം ലീഡ് 14,596 വോട്ടായി ഉയർത്തി.
ഇക്കാലയളവിൽ ബി.ജെ.പി വോട്ടുകളിലുണ്ടായ വർദ്ധനയും ശ്രദ്ധേയമാണ്. 2009ൽ ബി.ജെ.പിക്കു മണ്ഡലത്തിൽ ലഭിച്ചത് 8199 വോട്ടാണ്. 2011 നിയമസഭ തിരഞ്ഞെടുപ്പിൽ 7442 വോട്ട്. 2014 ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന എം.ടി. രമേശ് റാന്നി മണ്ഡലത്തിൽ നിന്നു നേടിയത് 18531 വോട്ട്. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി കെ. പത്മകുമാർ 28201 വോട്ട് നേടി. റാന്നിയിലെ പഞ്ചായത്ത് ഭരണത്തിൽ മുന്നണികൾ ഏറെക്കുറെ തുല്യഅംഗബലത്തിലാണ്.
...
പ്രളയത്തിൽ മുങ്ങിയ നാട്
പ്രളയത്തിൽ ആദ്യം മുങ്ങിയത് റാന്നിയാണ്. രക്ഷകരെത്തുംമുമ്പേ സ്വന്തം നാടിന്റെ കരുത്തിൽ രക്ഷപ്പെട്ടവരാണ് റാന്നിക്കാർ. 2018 ഓഗസ്റ്റ് 14ന് രാത്രി അപ്രതീക്ഷിതമായെത്തിയ വെള്ളമാണ് റാന്നിയെ മുക്കിയത്. ഓണക്കച്ചവടത്തിനായി സാധനങ്ങൾ ഇറക്കിയിരുന്ന റാന്നിയിലെ വ്യാപാരികൾക്കാണ് നഷ്ടമേറെയുണ്ടായത്. റാന്നി ടൗൺ പ്രദേശത്തെ മുഴുവൻ കടകളും മുങ്ങി. വ്യാപാരമേഖലയ്ക്കുണ്ടായ നഷ്ടം തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. ബാങ്ക് വായ്പകൾ പ്രഖ്യാപിച്ചെങ്കിലും നൂലാമാലകൾ കാരണം പലർക്കും ലഭിച്ചിട്ടില്ല.
ശബരിമല വിഷയത്തിൽ ബി.ജെ.പി പ്രതീക്ഷ പുലർത്തുന്ന മണ്ഡലം കൂടിയാണ് റാന്നി. റബർ മേഖലയിലെ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. റബറധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾക്ക് റാന്നിയിലുണ്ടാകാമായിരുന്ന സാദ്ധ്യതകളുടെ പേരിലും വാഗ്വാദങ്ങളുണ്ട്.
....
സ്ഥാനാർത്ഥികളുടെ വാദം
പത്തുവർഷത്തിനിടെ റാന്നി പ്രദേശം ഉൾപ്പെടെ പത്തനംതിട്ട ലോകസഭ മണ്ഡലത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളാണ് ആന്റോയുടെ വികസനരേഖ. ദേശീയ പാതകളും ഗ്രാമീണ റോഡുവികസനവും എം.പി ഫണ്ട് വിനിയോഗത്തിലൂടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചതുമെല്ലാം നേട്ടപ്പട്ടികയിലുണ്ട്. മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി കാർഷികമേഖലയിൽ ഉയർത്തെഴുന്നേല്പ് ഉണ്ടാകണമെന്നതാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പക്ഷം. റബറധിഷ്ഠിത വ്യവസായത്തിനുള്ള സാദ്ധ്യത മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രാജു ഏബ്രഹാം 20 വർഷത്തിലേറെയായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന് എൽ.ഡി.എഫ് സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള നേട്ടങ്ങളും വീണാ ജോർജ് എടുത്തുകാട്ടുന്നു. എം.പി ഫണ്ട് വിനിയോഗം മാത്രമല്ല ലോകസഭാംഗത്തിന്റെ ഉത്തരവാദിത്വമെന്ന് കെ.സുരേന്ദ്രൻ. റബറിന്റെ വിലത്തകർച്ചയുടെ ഉത്തരവാദി യു.പി.എ സർക്കാരാണെന്നു വാദിക്കുന്നു. റബറിനെ നാണ്യവിളയിൽ നിന്ന് കാർഷിക വിളയാക്കാൻ മോദി സർക്കാർ തീരുമാനിച്ചതും വിശദീകരിക്കുന്നു.
....
2019
ആകെ വോട്ടർമാർ 1,90,664
പുരുഷൻമാർ 92,288
സ്ത്രീകൾ 1,02,673
..
2014
തിരഞ്ഞെടുപ്പ് ഫലം
യു.ഡി.എഫ് 48,909
എൽ.ഡി.എഫ് 39,818
ബി.ജെ.പി 18,531
...
2016 നിയമസഭ തിരഞ്ഞെടുപ്പ്
യു.ഡി.എഫ് 44,153
എൽ.ഡി.എഫ് 58,749
ബി. ഡി. ജെ. എസ് 28,201