തിരുവല്ല: വൈക്കത്തില്ലത്ത് ഒരുമാസമായി പൊട്ടിയൊഴുകുന്ന കുടിവെള്ള പൈപ്പിലെ ചോർച്ച അധികൃതർ ഇനിയും കണ്ടെത്തിയിട്ടില്ല. അടുത്തകാലത്ത് രാജ്യാന്തര നിലവാരത്തിൽ നിർമ്മിച്ച പൊടിയാടി - അമ്പലപ്പുഴ സംസ്ഥാന പാതയിൽ വൈക്കത്തില്ലം പാലത്തിന് സമീപമാണ് ഒരുമാസമായി കുടിവെള്ളം പാഴാകുന്നത്. ശക്തമായി പുറത്തേക്ക് ഒഴുകുന്ന വെള്ളം സമീപത്താകെ കെട്ടിക്കിടക്കുകയാണ്. വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും പൈപ്പ് പൊട്ടൽ ദുരിതമായിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും അറ്റകുറ്റപ്പണികൾ നടത്താൻ തൊഴിലാളികൾ എത്തുമെങ്കിലും ഇനിയും ചോർച്ച കണ്ടെത്താൻ സാധിച്ചിട്ടില്ല. അടുത്തിടെ പുതിയതായി സ്ഥാപിച്ച 200 എം.എം പൈപ്പിലാണ് ചോർച്ചയെന്ന് സംശയിക്കുന്നു. ഒന്നിലേറെ കുഴികൾ എടുത്തിട്ടും ഇതുവരെയും ചോർച്ച കണ്ടെത്താൻ സാധിച്ചിട്ടില്ല. പമ്പിംഗ് നിറുത്തിയശേഷം ഇന്നലെയും തൊഴിലാളികൾ കുഴിയെടുത്ത് പരിശോധന നടത്തി. ദിവസവും പണി നടക്കുന്നതിനാൽ പ്രദേശത്താകെ കുടിവെള്ള വിതരണവും തടസ്സപ്പെടുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെ തൊഴിലാളികൾ തോന്നുമ്പോലെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ചോർച്ച പരിഹരിക്കാൻ വൈകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. കടുത്ത വേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോഴാണ് ഇവിടെ കുടിവെള്ളം പാഴാകുന്നത്. ചോർച്ച കാണപ്പെട്ട സ്ഥലത്ത് ആദ്യം എടുത്ത കുഴിയും ഇതുവരെ മൂടിയിട്ടില്ല. വഴിയാത്രക്കാർക്ക് നടപ്പാത ഒരുക്കിയിട്ടുള്ള ഭാഗത്താണ് ഈ കുഴി. രാത്രിയിൽ യാത്രക്കാർ കുഴിയിൽ വീണ് അപകടമുണ്ടാകാനുള്ള സാദ്ധ്യതയുമേറെയാണ്. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളം റോഡിന്റെ തകർച്ചയ്ക്ക് കാരണമായേക്കും.
മിനി വാൻ കുഴിയിൽ വീണു
കുടിവെള്ള പൈപ്പിലെ ചോർച്ച കണ്ടെത്താനായി കുഴിച്ച കുഴിയിൽ മിനി വാൻ താഴ്ന്നു. നാട്ടുകാരും കച്ചവടക്കാരും വാഹന ഉടമകളും ഏറെനേരം പണിപ്പെട്ടാണ് കുഴിയിൽ വീണ വാൻ പിന്നീട് ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി കുടിവെള്ള ചോർച്ച കണ്ടെത്തിയ ഭാഗങ്ങളിൽ നിരവധി കുഴികൾ എടുത്തിരുന്നു. കുഴി ശരിയാംവിധം മൂടാതിരുന്നതിനാലാണ് മിനി വാൻ കുഴിയിൽ വീണത്.