പത്തനംതിട്ട: പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 16 ന് ജില്ലാ സ്റ്റേഡിയത്തിൽ എത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് സുരക്ഷ ഒരുക്കാൻ സ്‌​പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പത്തനംതിട്ടയിലെത്തി. എസ്.പി.ജി ഐ.ജി റാങ്കിലുള്ള 14 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
രാഹുൽ ഗാന്ധി കോന്നിയിലെ പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിലാണ് വന്നിറങ്ങുന്നത്. അവിടെ നിന്ന് കാറിൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരും. കോന്നിയിലെ ഇന്റോർ സ്റ്റേഡിയത്തിലെ ഹെലിപാഡിലും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും എസ്.പി.ജി സംഘം സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.
ഇന്റലിജൻസ്, ഫയർഫോഴ്‌​സ്, പൊതുമരാമത്ത്, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവയുടെ യോഗം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ അവലോകനം ചെയ്തു. തുടർന്ന് എസ്.പി.ജി സംഘം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് എന്നിവരുമായി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന സ്റ്റേജിന്റെയും ജനങ്ങൾ പ്രവേശിക്കുന്ന കവാടത്തിന്റെയും ബാരിക്കേഡുകളുടേയും സ്ഥാനങ്ങൾ അധികൃതർ നിശ്ചയിച്ചു നൽകി.
ഒരു ലക്ഷം പ്രവർത്തകരെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് രൂപം നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സന്ദർശനം വൻ വിജയമാക്കുന്നതിന് ബൂത്തുതലത്തിൽ വാഹനങ്ങൾ ക്രമീകരിച്ച് പ്രവർത്തകരും പൊതുജനങ്ങളും രാവിലെ 10 മണിക്ക് മുൻപേ സ്റ്റേഡിയത്തിൽ പ്രവേശിക്കണമെന്ന് യു.ഡി.എഫ് പത്തനംതിട്ട പാർലമെന്റ് ഇലക്ഷൻ കമ്മിറ്റി കൺവീനറും ഡി.സി.സി പ്രസിഡന്റുമായ ബാബു ജോർജ്ജ് അറിയിച്ചു.