-pinarayi-vijayan-sabarim
pinarayi vijayan sabarimala

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസറുടെ നിർദ്ദേശം നിലനിൽക്കെ, അടൂരിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം വിശദീകരിച്ചത് ശ്രദ്ധേയമായി. പ്രധാനമന്ത്രി മോദിയുടെ കോഴിക്കോട്ടെ പ്രസംഗത്തിന് മറുപടിയാണ് പറഞ്ഞത്.

നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ശബരിമലയെന്നും സമാധാനപരമായി തീർത്ഥാടനം നടത്താൻ അനുവദിക്കില്ലെന്ന സംഘപരിവാർ അജൻഡയാണ് പൊളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസവും ആചാരവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ബി.ജെ.പി ഉണ്ടാകുമെന്നാണ് മോദി പറഞ്ഞത്. ശബരിമല എന്ന വാക്ക് പ്രധാനമന്ത്രി പറയാത്തത് മാതൃകാപരമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ പ്രതികരിച്ചിരുന്നു.

പിണറായി വിജയന്റെ പ്രസംഗത്തിൽ നിന്ന്:

'' ശബരിമലയുടെ മണ്ണാണ് പത്തനംതിട്ട. വലിയ പ്രാധാന്യത്തോടെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അവിടെ കാണിക്കയിടാൻ പാടില്ലെന്ന് പ്രചാരണം നടത്തിയവർ ആരാണ്..? വന്ന ഭക്തരെ ശാരീരികമായി തടയാൻ, ആക്രമിക്കാൻ സന്നദ്ധരായവർ ആരാണ്... ? സന്നിധാനം കേന്ദ്രീകരിച്ച് കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർ ആരായിരുന്നു... ? എല്ളാം സംഘപരിവാറുകാരായിരുന്നു.

ശബരിമല ഉത്സവം സമാധാനപരമായി നടക്കാൻ പാടില്ല, ഏതെങ്കിലും തരത്തിൽ അതിനെ അലങ്കോലപ്പെടുത്തണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ മറ്റേതു കാലത്തിൽ നിന്നും വ്യത്യസ്തമായി തീർത്ഥാടകർക്കെല്ലാം ദർശനം നടത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും സാധിച്ചു എന്നതല്ലേ നമ്മുടെ അനുഭവം. തീർത്ഥാടകർക്കെല്ലാം നല്ല സംതൃപ്തി. പലരും അത് പരസ്യമായി പറയുക തന്നെയുണ്ടായി. തെറ്റിദ്ധാരണകൾ പരത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടത്തുന്നത്. ശബരിമലയുടെ വികസന കാര്യങ്ങളിൽ വലിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. തീർത്ഥാടനം ഒരുകൂട്ടർ മുടക്കാൻ ശ്രമിച്ചപ്പോൾ ഫലപ്രദമായി നടത്താൻ കഴിഞ്ഞു എന്നതാണ് നാടിന്റെ അനുഭവം''.