sabarimala

ശബരിമല : വിഷുക്കണി ദർശനത്തിനായി ശബരിമലയിലേക്ക് തീർത്ഥാടകർ എത്തിത്തുടങ്ങി. ഇന്ന് പുലർച്ചെ നാല് മുതൽ വൈകിട്ട് ഏഴ് വരെയാണ് ദർശനം. ഇന്നലെ നടയടയ്‌ക്കുന്നതിന് മുമ്പായി ശ്രീകോവിലിൽ ഓട്ടുരുളിയിൽ വിഷുക്കണി ഒരുക്കി. ഇന്ന് പുലർച്ചെ നടതുറന്ന് ആദ്യം ഭഗവാനെ കണികാണിക്കും. തുടർന്ന് ഭക്തർക്കും കണി ദർശിക്കാം. തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയും വിഷുക്കൈനീട്ടം നൽകും.

ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെമ്പർമാരായ കെ.പി. ശങ്കരദാസ്, അഡ്വ. എൻ. വിജയകുമാർ എന്നിവർ എത്തിയിട്ടുണ്ട്.

ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിലെ നീരൊഴുക്ക് നിലച്ചതിനെ തുടർന്ന് കൊച്ചുപമ്പ ഡാം തുറന്ന് വെള്ളം എത്തിച്ചെങ്കിലും സ്‌നാനത്തിന് ബുദ്ധിമുട്ടുണ്ടാകും. തിരക്കേറിയതോടെ ശുദ്ധജലക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. 19ന് രാത്രി ഒന്നിന് നടയടയ്‌ക്കും.