ചെങ്ങന്നൂർ: കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഏറെ ചർച്ചയായി രാഷ്ട്രീയ നേട്ടമായി മാറിയ വരട്ടാർ വീണ്ടും വിസ്മൃതിയിലേക്ക് ഒഴുകുകയാണ്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ പണവും മനുഷ്യ പ്രയത്‌നവും കൊണ്ട് പുനരുജ്ജീവനം നേടിയ വരട്ടാർ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യം ചർച്ചാ വിഷയമായത്. ഇപ്പോഴാകട്ടെ ആറന്മുള എം.എൽ.എ വീണാ ജോർജ് പാർലമെന്റിലേക്ക് മത്സരിക്കുമ്പോളും പ്രചാരണ ലഘുലേഖയിലും വരട്ടാർ ഇടം നേടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ വരട്ടാർ വികസനം വിമർശനങ്ങൾക്കും ഇടയൊരുക്കുന്നു. ബി.ജെ.പിയുടെ ഒട്ടേറെ പ്രാദേശിക നേതാക്കൾ വരട്ടാർ പുനരുജ്ജീവനത്തിൽ നേരിട്ട് പങ്കാളികളായിരുന്നു. ഇവർ വിമർശനങ്ങളുമായി മുന്നിലുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ വരട്ടാർ പുനരുജ്ജീവനം പരാജയപ്പെട്ടതിന്റെ ചിത്രങ്ങൾ പ്രചരിക്കുകയാണ്.
വഞ്ഞിപ്പോട്ടിൽക്കടവിൽ പാലം വന്നില്ല
ആദിപമ്പയിൽ വഞ്ഞിപ്പോട്ടിൽക്കടവിൽ നിന്നാണ് വരട്ടാറിലേക്ക് വെള്ളമെത്തേണ്ടത്. ഇവിടെയുണ്ടായിരുന്ന ചപ്പാത്ത് പൊളിച്ച് നീക്കി പകരം പാലം നിർമ്മിക്കുമെന്ന് പറഞ്ഞിട്ട് വർഷം മൂന്ന് കഴിഞ്ഞു.
ആറാട്ടുപുഴയ്ക്ക് സമീപം ഇടനാട്ടിൽ പമ്പയിൽ നിന്ന് തുടങ്ങുന്ന ആദി പമ്പ ഒഴുക്കുനിലച്ച നിലയിലാണ്. ഇവിടെ നിന്ന് മേടയിൽക്കടവിന് സമീപമെത്തിയാൽ മണൽ മൂടി നദി അടഞ്ഞു കിടക്കുന്നത് കാണാം.
ചേലൂർക്കടവ് പാലത്തിന് താഴെ മുളകളും കാടുകളും മൂടി പായലുകൾ പടർന്നു തുടങ്ങിയിരിക്കുന്നു. ചേന്നാത്ത് ശിവക്ഷേത്രത്തിന് സമീപമെത്തിയാൽ പായലുകൾ വളരുന്നത് കാണാം.
മലിന ജലം മാത്രം
പുതുക്കുളങ്ങരയിൽ പടനിലത്ത് ആദിപമ്പയിൽനിന്നാണ് വരട്ടാർ തുടങ്ങുന്നത്. ഇവിടെ വരട്ടാർ തുടങ്ങുന്നിടത്ത് നിന്ന് നോക്കിയാൽ നദി ഉണ്ടെന്ന് പോലും തോന്നില്ല. 500 മീറ്റർ പിന്നിട്ടാൽ പുതുക്കുളങ്ങര ചപ്പാത്തായി.
ഇവിടം മുതൽ അങ്ങിങ്ങായി മലിന ജലമാണ്. പരുമൂട്ടിൽക്കടവ് പാലത്തിൽ നിന്ന് നോക്കിയാൽ ഒഴുക്കു നിലച്ച വെള്ളത്തിന്റെ നേർത്ത വരമ്പ് കാണാം.
കുന്നത്തുമണ്ണിൽ കടവിലും തേവർ മണ്ണിൽക്കടവിലും എത്തിയാൽ വരട്ടാറിൽ നിന്ന് കോരിയെടുത്ത മണ്ണ് വീണും നദിക്ക് കുറുകെ ഒരു മതിൽക്കെട്ടിയിരിക്കുന്നത് കാണാം. പ്രയാറ്റ് കടവ് ഭാഗത്ത് ചെളിവെള്ളത്തിൽ പോളയും പായലും കാട്ട് ചേമ്പും വളർന്ന് തുടങ്ങിയിരിക്കുന്നു. പി.ഐ.പി കനാലിൽ നിന്നുള്ള വെള്ളം എത്തുന്നതിനാൽ ഇവിടം മുതൽ വെള്ളമുണ്ട്.