image

പത്തനംതിട്ട : കാലൻ, പിശാച് , മറുത, പക്ഷി , മാടൻ, യക്ഷി, ഭൈരവി ഇങ്ങനെ ആടി തീർക്കുന്ന കോലത്തിനു പിന്നിൽ ഓരോ വിശ്വാസവുമുണ്ട്. രോഗത്തിനും നാടിനും സമ്പത്തിനും ഭയത്തിനും എല്ലാം എതിരായി നില്ക്കുന്ന ശക്തിയെ ദേവി നേരിടുമെന്നാണ് കരക്കാർ വിശ്വസിക്കുന്നത്.

>>>>

കോലങ്ങളുടെ പ്രത്യേകതകളിലൂടെ

കാലൻ

മാർക്കണ്ഡേയ ചരിത്രം ഉപയോഗിച്ച് കാലൻ കോലമാക്കി കഥപാടി ആടുന്നതാണ് കാലൻ കോലം. നൂറ് മൃത്യുഞ്ജയ ഹോമത്തിന് തുല്യമാണ് ഒരു കാലൻ കോലം. ആത്മഹത്യപ്രവണത അകറ്റാനും സന്താന ലബ്ദിക്കും വേണ്ടിയാണ് കാലൻ കോലം കെട്ടി ആടുന്നത്.

പിശാച്

കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് നേരെയുള്ള ശൂദ്രദോഷത്തിന് പരിഹാരമായാണ് പിശാച് കോലം വഴിപാടായി സമർപ്പിക്കുന്നത്. കൃഷിനാശം കാർഷിക വിപത്തുകൾക്കും വഴിപാട് സമർപ്പിക്കാറുണ്ട്. പൈശാചിക ശക്തിയെ ദൈവിക ശക്തിയായി ആരാധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

മറുത

ഹൈന്ദവ പുരാണങ്ങളിൽ മറുത ദാരികാസുരന്റെ പത്നിയാണെന്നാണ് വിശ്വാസം. രോഗശമനങ്ങൾക്കായാണ് മറുത കോലം ദേവിക്ക് വഴിപാട് സമർപ്പിക്കുന്നത്. പണ്ട് വസൂരി രോഗ ബാധയിൽ നിന്നുള്ള രക്ഷയ്ക്ക് മറുത കോലമാണ് വഴിപാടായി നല്കിയിരുന്നത്.

പക്ഷി കോലം

പിഞ്ചു കുഞ്ഞുങ്ങൾക്കുമേലുള്ള പൈശാചിക ശക്തിയുടെ അതിക്രമത്തിൽ നിന്നും മുക്തിയ്ക്കായാണ് പക്ഷിക്കോലം കെട്ടാറ്. ചെറിയ കുട്ടികളുള്ള വീടിന് മുകളിൽ ദുഷ്ടപക്ഷികൾ വന്ന് കരയുമായിരുന്നുവെന്നും തീക്കൊള്ളി ഉപയോഗിച്ചാണ് അവയെ തുരത്തിയിരുന്നതെന്നുമാണ് വിശ്വാസം.

മാടൻ

ആടുമാടുകൾക്ക് ഉപദ്രവകാരിയായ മാടൻ എന്ന സങ്കൽപ്പത്തിൽ നിന്നും അവയെ രക്ഷിക്കാൻ വേണ്ടിയാണ് ദേവിക്ക് മാടൻ കോലം സമർപ്പിക്കുന്നു. മാടൻ കോലം സമർപ്പിക്കുക വഴി അടുത്ത വർഷം വരെ ആടുമാടുകൾക്ക് ഒന്നും സംഭവിക്കില്ലെന്നാണ് വിശ്വാസം.

യക്ഷി

നാല് തരം യക്ഷിക്കോലങ്ങൾ കെട്ടാറുണ്ട്. സുന്ദര, അരക്കി, അന്തര, മായ എന്നിങ്ങനെയുള്ള യക്ഷിക്കോലങ്ങളാണവ. സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ബാധിക്കുന്നതാണ് യക്ഷി ബാധ എന്നാണ് സങ്കല്പം. യക്ഷി വംശജരുടെ ഭൂമി എന്നറിയപ്പെടുന്നത് അളകാപുരിയാണ്. യക്ഷിയെന്നത് സ്ത്രൈണ ഭാവമാണ്. കാലൻ, മാടൻ എന്നിവ പുരുഷ വംശവും. ബാധകൾ അകറ്റാൻ വേണ്ടിയാണ് ദേവിയ്ക്ക് യക്ഷിക്കോലം സമർപ്പിക്കുന്നത്.

ഭൈരവി കോലം

സമ്പൽ സമൃദ്ധിയ്ക്കു വേണ്ടി ദേവിയ്ക്കു സമർപ്പിക്കുന്ന വഴിപാടാണിത്. കൃഷിനാശങ്ങൾ തടയാനും ഐശ്വര്യം നിലനിൽക്കാനുമാണ് ഭൈരവികോലം എടുക്കുന്നത്. നെറുകയിൽ പന്തം കുത്തിയാണ് ഭൈരവി കളത്തിൽ എത്തുന്നത്.

വലിയ പടേനിയ്ക്ക് അല്ലെങ്കിൽ എട്ടാം പടേനിയ്ക്കാണ് മാടൻ കോലം നടത്താറ്. ബാക്കി എല്ലാ കോലങ്ങളും എപ്പോൾ വേണമെങ്കിലും കെട്ടാവുന്നതാണ്. എട്ടാം പടനേയിൽ മാടൻ കോലം നായാട്ട്, കുതിര, കുറത്തി നൃത്തരൂപം എന്നിവ അവതരിപ്പിക്കും. നേരം വെളുക്കുന്നത് വരെയാണ് പടേനി ഉത്സവം. ശേഷം കരവഞ്ചി ഇറക്കി എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഒരുമിച്ച് ദേവിയ്ക്ക് അഭിമുഖമായി നിന്ന് വഞ്ചിപ്പാട്ട് പാടി പടേനിയാശാൻ കളത്തട്ടിൽ വച്ച് തട്ടിൽമേൽക്കളി നടത്തിയാണ് ഉത്സവം അവസാനിപ്പിക്കുക.