പ്രതീക്ഷയോടെ കാത്തിരുന്ന എസ്‌കലേറ്റർ നിർമ്മാണം മുടങ്ങി
തിരുവല്ല: വികസനമില്ലാതെ കടുത്ത അവഗണന നേരിടുന്ന തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്‌കലേറ്ററിന്റെ നിർമ്മാണം മുടങ്ങി. കടുത്ത ചൂടാണ് ഇപ്പോഴത്തെ മുടക്കത്തിന് കാരണം. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തും മൂന്നു മാസത്തോളം നിർമ്മാണം തടസ്സപ്പെട്ടിരുന്നു. കനത്തചൂട് മൂലം പകൽ 11മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ പണി നടത്താൻ പാടില്ലെന്ന തൊഴിൽവകുപ്പിന്റെ കർശന നിബന്ധന പാലിച്ചാണ് ഇപ്പോൾ ജോലികൾ നിറുത്തിവച്ചത്. കൂടിയ തോതിലുള്ള വൈദ്യുതി കടന്നുപോകുന്നതിനാൽ രാത്രിയിൽ നിർമ്മാണം നടത്താനും ബുദ്ധിമുട്ടാണ്. കനത്ത ചൂടിൽ വെൽഡിംഗ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാനും കഴിയുന്നില്ല. രണ്ടരവർഷം മുമ്പ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അനുവദിച്ചതാണ് എസ്കലേറ്റർ. ഇതിന്റെ പണിയെപ്പറ്റി ആലോചിച്ചു തുടങ്ങിയപ്പോൾതന്നെ ധാരാളം തടസങ്ങൾ ഉയർന്നുവന്നിരുന്നു. എല്ലാം പരിഹരിച്ച് ഒരു വർഷംകൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു കരുതിയിരുന്നത്. അടുത്തമാസം കൊണ്ട് പണികൾ തീരുമെന്ന പ്രതീക്ഷയിലായിരുന്നു റെയിൽവേ അധികൃതർ. എന്നാൽ പലവിധ കാരണങ്ങളാൽ നിർമ്മാണ ജോലികൾ മന്ദഗതിയിലായി. ഇനിയും എസ്‌ക്കലേറ്റർ ലാൻഡിംഗ്, സ്ലാബ് വാർക്കൽ, ബീമുകളുടെ പണി, റൂഫിംഗ് തുടങ്ങിയ പ്രധാന ജോലികൾ അവശേഷിക്കുന്നു.
ഇരിക്കാനും ഇടമില്ല
എസ്‌ക്കലേറ്ററിന്റെ പണികൾ പൂർത്തീകരിക്കാത്തതിനാൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയില്ല. പല സ്ഥലത്തും പണി സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ യാത്രക്കാർക്ക് ഇരിക്കാനുള്ള സ്ഥലവും പരിമിതമാണ്. അടുത്തകാലത്ത് സ്‌റ്റേഷനിൽ ഇറക്കിയ കസേരകൾപോലും കൃത്യമായ സ്ഥലങ്ങളിൽ ഇടാൻ സാധിച്ചിട്ടില്ല. അടുത്തമാസം പൂർത്തീകരിക്കുമെന്ന് കരുതിയിരുന്ന എസ്‌ക്കലേറ്റർ നിർമ്മാണം ഈവർഷംപോലും പൂർത്തിയാകുമോയെന്ന് സംശയിക്കുന്നു. ചൂട് കഴിഞ്ഞാൽ പിന്നീട് മൺസൂൺ വരും. വീണ്ടും പണികൾ നിലയ്ക്കാനാണ് സാദ്ധ്യത. ചൂട് കുറഞ്ഞാലുടൻ എസ്‌ക്കലേറ്ററിന്റെ അനുബന്ധ പണികൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഭക്ഷണത്തിനും വഴിയില്ല
തിരുവല്ല: റെയിൽവേ സ്റ്റേഷനിലെ ആറുമാസം മുൻപ് അടച്ചുപൂട്ടിയ ഭക്ഷണശാല ഉടനെ തുറന്നേക്കില്ല. കച്ചവടം കുറവായതിനാൽ വൻതുക നൽകി കരാറെടുക്കാൻ ആളില്ലാത്ത സാഹചര്യമാണ്. രണ്ടു ഭക്ഷണശാലകളാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഒരെണ്ണം ഒരുവർഷംമുൻപ് അടച്ചുപൂട്ടി. രണ്ടാമത്തേത് കഴിഞ്ഞ ഒക്ടോബറിലും അടച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇവിടെ എത്തുന്നവർ വിശപ്പടക്കാൻ ഒരു കിലോമീറ്ററകലെ പോകണം. വർഷങ്ങളായി സ്വകാര്യ വ്യക്തികളാണ് ഭക്ഷണശാലകൾ നടത്തിയിരുന്നത്. റെയിൽവേക്ക് നൽകേണ്ട പണം അടയ്ക്കാതെ വന്നതോടെയാണ് ആദ്യത്തേത് അടപ്പിച്ചത്. കച്ചവടം കുറവാണെന്ന കാരണം പറഞ്ഞ് രണ്ടാമത്തെ ഭക്ഷണശാലയും അടച്ചു. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ നാല് ടീ സ്റ്റാളുകൾ മാത്രമാണ് യാത്രക്കാർക്ക് ഇപ്പോൾ ആശ്രയം. ഒന്നാം പ്ലാറ്റ് ഫോമിലാണെങ്കിൽ പൈപ്പ് വെള്ളം മാത്രമേ കിട്ടൂ. സ്റ്റേഷനു പുറത്താണെങ്കിൽ ഇതുമില്ല. റെയിൽവേ സ്റ്റേഷനിലെത്തുന്നവരുടെ വിശപ്പകറ്റാൻ തയാറായി ചില സന്നദ്ധ സംഘടനകൾ കാന്റീൻ നടത്താൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ റെയിൽവേയുടെ നിബന്ധനകൾ ഇതിനെല്ലാം തടസ്സമാണെന്ന് പറന്നു. കടുത്ത വേനലിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് ദാഹമകറ്റാൻ ഒന്നാംനമ്പർ പ്ലാറ്റ് ഫോമിൽനിന്നു മേൽപ്പാലം കയറി രണ്ടാംനമ്പർ പ്ലാറ്റ് ഫോമിൽ എത്തേണ്ട ഗതികേടാണ്.