തിരുവല്ല: അധികൃതർ തിരഞ്ഞെടുപ്പ് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അപ്പർകുട്ടനാടൻ മേഖലകളിൽ അനധികൃത നിലം നികത്തൽ തകൃതി. തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി വരില്ല. അപ്പർകുട്ടനാട്ടിൽ ഉൾപ്പെടുന്ന പെരിങ്ങര, നിരണം, കടപ്ര പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഏക്കർ കണക്കിന് നിലമാണ് രാപകൽ വ്യത്യാസമില്ലാതെ അനധികൃതമായി നികത്തിക്കൊണ്ടിരിക്കുന്നത്. പെരിങ്ങര പഞ്ചായത്തിലെ കാരയ്‌ക്കൽ -മേപ്രാൽ റോഡിൽ കാളക്കടവ് ജംഗ്ഷന് സമീപം രണ്ടേക്കറോളം വരുന്ന രണ്ട് നിലങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നികത്തിയെടുക്കുകയാണ്. ഇതുകൂടാതെ പെരിങ്ങരയിലെ മോപാൽ സെന്റ് ജോൺസ് സ്കൂളിന് സമീപത്തും നിലം നികത്തൽ നടക്കുന്നുണ്ട്. നിരണം പഞ്ചായത്തിലെ വെസ്റ്റ് ജംഗ്ഷന് സമീപത്തും നിരവധി നിലങ്ങളാണ് നികത്തുന്നത്. രാത്രികാലങ്ങളിലാണ് നികത്തൽ ഏറെയും. ടോറസുകളിൽ മണ്ണ് എത്തിച്ച് ജെ.സി.ബി ഉപയോഗിച്ച് നികത്തുന്നതാണ് രീതി. നിലംനികത്തി നൽകുന്നതിനായി പ്രത്യേക മാഫിയ തന്നെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അനധികൃതമായി നിലം നികത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ കെ.ബി ശശി പറഞ്ഞു.