image
പിടിയിലായ പ്രതികൾ

പത്തനംതിട്ട: രാത്രി കടയടച്ച് വീട്ടിലേക്ക് പോകുന്ന വ്യാപാരികളെ പിന്തുടർന്ന് മുഖത്ത് മുളകുപൊടി വിതറി പണം തട്ടുന്ന സംഘത്തെ ഷാഡോ പൊലീസ് പിടികൂടി. . ഓമല്ലൂർ പുത്തൻപീടിക പറയനാലി മടുക്കുവേലിൽ ജിജോമോൻ ജോജി (18), കരിമ്പനാക്കുഴിയിൽ ബിപിൻ (24) എന്നിവരെയാണ് എസ്.പി ജി. ജയദേവ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. 13 ന് രാത്രി 11.30 ന് പത്തനംതിട്ട ഹെഡ്‌പോസ്റ്റ് ഓഫീസിന് എതിർവശത്ത് പെട്ടിക്കട നടത്തുന്ന മണിലാലിനെയാണ് സംഘം ആക്രമിച്ചത്. കടപൂട്ടി വീട്ടിലേക്ക് പോകാനിറങ്ങിയ മണിലാലിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മർദ്ദിച്ച് കൈയിലുണ്ടായിരുന്ന 8000 രൂപ തട്ടിയെടുത്തു. പരിക്കേറ്റ മണിലാൽ പൊലീസിൽ പരാതി നൽകി. സമാനകേസുകളിലെ പ്രതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. പക്ഷേ തുമ്പ് കിട്ടിയില്ല. ഇതിനിടെ ഓമല്ലൂരിന് സമീപം ഒരു വർക്‌ഷോപ്പിലെ തൊഴിലാളി സമാന രീതിയിൽ കൊള്ളയടിക്കപ്പെട്ടുവെന്ന് പൊലീസിന് വിവരം കിട്ടി. ഇയാളിൽ നിന്ന് പണവും മൊബൈൽഫോണും സംഘം കവർന്നിരുന്നു. ഭയന്നു പോയ ഇയാൾ പരാതി നൽകിയില്ല. മോഷണം പോയ മൊബൈൽഫോണിന്റെ ഐ.എം.ഇ നമ്പർ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. ഇവരുടെ ചിത്രം ശേഖരിച്ച പൊലീസ് മണിലാലിനെ കാണിച്ച് ഉറപ്പുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. . ഇവർ സമാനമായ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.