തിരുവല്ല: അധികാരത്തിന്റെ അകത്തളങ്ങളിൽ എത്തിയെങ്കിലേ അധസ്ഥിതരോടുള്ള അവഗണന മാറുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 11- ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും വേണ്ടി കുറെ രക്തസാക്ഷികളെ സൃഷ്ടിക്കാൻ മാത്രമേ നമുക്ക് സാധിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് വരുമ്പോൾ വിവിധ പാർട്ടികളുടെ ജാഥകളിൽ കണ്ണിയാകാനും ആളെ കാണിക്കാനും വേഷംകെട്ടി തുള്ളാനുമൊക്കെ വേണം. എന്നാൽ അധികാരത്തിന്റെ കാര്യം വരുമ്പോൾ അകറ്റിനിർത്തും. സംഘടിതമായി നിൽക്കുന്ന സമുദായങ്ങൾ സമ്പത്തും അധികാരവുമെല്ലാം പങ്കിടുമ്പോൾ പിന്നാക്ക വിഭാഗങ്ങൾ എന്തുനേടിയെന്ന് ചിന്തിക്കണം. നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഈ രാജ്യത്ത് ഉണ്ടാക്കുമ്പോൾ സംഘടിത വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനാണ് രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നത്. മഹാഭൂരിപക്ഷത്തിന് ഒന്നായിനിന്ന് വിലപേശാൻ സാധിക്കുന്നില്ല. ആദർശ രാഷ്ട്രീയമല്ല, ഇപ്പോൾ നടക്കുന്നത് വിലപേശൽ രാഷ്ട്രീയമാണ്. ഗുരുവിന്റെ ദർശനങ്ങളിൽ നിന്ന് അകന്നുപോയതിനാലാണ് പിന്നാക്ക വിഭാഗങ്ങൾക്ക് പലതും നഷ്ടപ്പെട്ടത്. സംഘടിച്ച് ശക്തരാകുവാനും സാധിച്ചില്ല. ഗുരുവിനെ ദൈവമായി കണ്ടു പ്രാർത്ഥിച്ച് ഗുരുവിന്റെ ദർശനങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു ജീവിക്കാനുള്ള ഇച്ഛാശക്തി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ധർമ്മചൈതന്യ, സ്വാമി ശിവബോധാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്റ്റിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ, ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴിയിൽ, മൂലൂർ സ്മാരകസമിതി പ്രസിഡന്റ് മുൻ എം.എൽ.എ കെ.സി.രാജഗോപാൽ, എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് അനന്ദു സുരേഷ് ഗോവിന്ദ്, ജനകീയ ഡോക്ടർ പുരസ്കാരം നേടിയ ഡോ.കെ.ജി.സുരേഷ്, ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് സമഗ്ര സംഭാവനകൾ നൽകുന്ന രവീന്ദ്രൻ എഴുമറ്റൂർ, എം.ജി. യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. ലതാ സന്തോഷ് എന്നിവരെയും ശാഖാ ഭാരവാഹികളെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. കുന്നന്താനം ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും വേദിയിൽ അവതരിപ്പിച്ചു.

​​​---------------------------

പരിഹാരം ഗുരുദർശനങ്ങളിൽ: ഡോ.എം.എം ബഷീർ


സമകാലിക പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ഗുരുദേവന്റെ ദർശനങ്ങളിൽ അരുളിചെയ്തിട്ടുണ്ടെന്ന് ഡോ.എം.എം ബഷീർ പറഞ്ഞു. വിശ്വഗുരുവിന്റെ ദർശനങ്ങളും പൊരുളുകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന ആനുകാലിക സംഭവങ്ങൾ ഗുരു മുൻകൂട്ടി കണ്ടിരുന്നു. ആഹ്‌ളാദിപ്പിക്കേണ്ട ശിശുക്കളെ വേദനിപ്പിക്കരുതെന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങൾ ഉണ്ടാക്കുന്ന വിപത്തുകൾ ചില്ലറയല്ല. മൂല്യങ്ങൾ നഷ്ടപ്പെടുന്ന കാലത്ത് പത്ത് ശ്ലോകങ്ങളിലൂടെ ഭാര്യാധർമ്മത്തെക്കുറിച്ച് ഗുരു വിവരിക്കുന്നു. നാം കുടുംബ ജീവിതത്തിൽ അനുഷ്ഠിക്കേണ്ട പ്രവർത്തികളുമെല്ലാം ഗുരുദേവൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

-----------------

കൺവെൻഷൻ നഗറിൽ ഇന്ന്


രാവിലെ 9ന് വിശ്വശാന്തി പ്രാർത്ഥന 9.30ന് ഗുരുസ്മരണ 10ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രഭാഷണം-.ബിജു പുളിക്കലേടത്ത്. ഒന്നിന് അന്നദാനം. രണ്ടിന് പ്രഭാഷണം- പ്രൊഫ.ബിന്ദു.