പത്തനംതിട്ട: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കലാശക്കൊട്ടിൽ ജെ.സി.ബി, ടിപ്പർ, ക്രെയിൻ തുടങ്ങിയ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. 21ന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം. പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ എല്ലാ വാഹനങ്ങളും ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ച് മാർഗതടസം സൃഷ്ടിക്കാൻ പാടില്ല. ഓരോ സ്ഥാനാർത്ഥിക്കും അനുവദിക്കപ്പെട്ട സ്ഥലം മാത്രം ഉപയോഗിക്കണം. എതിർ സ്ഥാനാർത്ഥികളുടെ വാഹനങ്ങളെയോ പ്രവർത്തകരെയോ തടയുന്ന പ്രവർത്തനങ്ങൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച പെരുമാറ്റ ചട്ടങ്ങൾ പൂർണമായും എല്ലാ രാഷ്ട്രീയ കക്ഷികളും പാലിക്കണം. നിശ്ചിത സമയത്തിന് ശേഷം പ്രചാരണം നടത്തുന്ന വാഹനങ്ങളും മൈക്ക് സെറ്റും പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. വരണാധികാരിയുടെ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.