പത്തനംതിട്ട: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ പത്തനംതിട്ടയിലെത്തിച്ച് പ്രചാരണം കൊഴുപ്പിച്ച യു.ഡി.എഫിന് മറുപടിയുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നാളെ പത്തനംതിട്ടയിൽ റോഡ്ഷോയിൽ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2.30ന് പ്രമാടം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്ടറിൽ ഇറങ്ങുന്ന അദ്ദേഹം റോഡ് മാർഗ്ഗം പത്തനംതിട്ടയിൽ എത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പത്രസമ്മേളനത്തിൽ അറിയിച്ചു. . സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് മൂന്നിന് ആരംഭിക്കുന്ന റോഡ്‌ഷോയിൽ അമിത് ഷാ പങ്കെടുക്കും. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് പ്രവർത്തകർക്കൊപ്പം നടന്ന് ജനറൽ അശുപത്രി, സെൻട്രൽ ജംഗ്ഷൻ, അബാൻ ജംഗ്ഷൻ വഴി മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപം റോഡ്‌ഷോ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ പതിനഞ്ച് മിനിട്ട് അമിത് ഷാ സംസാരിക്കും.