കോഴഞ്ചേരി: എല്ലാ സംസ്ഥാനങ്ങളിലും കർഷകർ സമരത്തിലാണെന്നും നോട്ടുനിരോധനവും ജി.എസ്.ടി അടക്കമുള്ള ഭ്രാന്തൻ പരിഷ്കാരങ്ങളും രാജ്യത്തിന്റെ സമ്പദ് ഘടനയെ പിന്നാക്കമാക്കിയെന്നും ലോക് താന്ത്രിക്ക് ജനതാദൾ അഖിലേന്ത്യാ സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് പറഞ്ഞു. കോയിപ്രം കരീലമുക്കിൽ നടന്ന എൽ.ഡി.എഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന മോദി ഭരണകൂടം അഴിമതിയിൽ കുളിച്ചു നിൽക്കുകയാണ്. കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളും കേന്ദ്ര സർക്കാരിനെതിരാണ്. പല ഘടക കക്ഷികളും എൻ.ഡി.എ വിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ കോൺഗ്രസ് ഇതര മതേതര ജനാധിപത്യ ബദൽ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. രാജു കടക്കരപ്പള്ളി, പി.സി.സുരേഷ് കുമാർ, ബിജു വർക്കി, സതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
.