തിരുവല്ല: അപകടമരണത്തിന് കാരണമായ അഞ്ജാത വാഹനം പൊലീസ് കണ്ടെത്തി. കഴിഞ്ഞ 30ന് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാന്നാർ സൈക്കിൾ മുക്കിന് സമീപം സ്ത്രീയുടെ മരണത്തിനിടയാക്കിയ വോൾവോ കാറാണ് കണ്ടെത്തിയത്. തിരുവല്ലാ മുത്തൂർ സ്വദേശി സുൽഫിക്കറും ഭാര്യ നെജിനയും തിരുവല്ലാ - മാവേലിക്കര റോഡിൽ സ്‌കൂട്ടറിൽ പോകവേ കാറിടിച്ച് അപകടത്തിൽപ്പെടുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നെജിനയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എന്നാൽ അപകടമുണ്ടാക്കിയ വാഹനം നിറുത്താതെ പോയി. തുടർന്ന് ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സാമുവലിന്റെ ഉടമസ്ഥതയിലുള്ള വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തിരുവല്ലാ - മാവേലിക്കര റൂട്ടിലെ നിരവധി സിസി. ടി.വി ദൃശ്യങ്ങളിൽ നിന്നാണ് വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചത്. പുളിക്കീഴ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്. ഐ വിപിൻകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് ,ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ സേനാംഗങ്ങളായ എ.എസ്.ഐമാരായ വിൽസൺ എസ്സ്, ഹരികുമാർ ടി.ഡി, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജികുമാർ.ആർ, സിവിൽ പൊലീസ് ഓഫീസർ സുജിത്ത് കുമാർ വി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.