പത്തനംതിട്ട : ഹരിത ർമ്മ സേനയിൽ പിരിവ് തകൃതിയായി നടക്കുന്നുണ്ടെങ്കിലും മാലിന്യമെടുക്കാൻ ആളില്ല. എല്ലാ മാസവും വാഹനക്കൂലി ഇനത്തിൽ ഓരോ വീട്ടിൽ നിന്നും 30 രൂപ വീതം വാങ്ങാറുണ്ട് . ചോദിക്കുമ്പോൾ നാളെ മാലിന്യമെടുക്കാൻ ആളുവരുമെന്ന് പറയും. മൂന്ന് മാസമായി ഇതു തന്നെയാണ് അവസ്ഥ. വെണ്ണിക്കുളം പുറമറ്റം ഗ്രാമപഞ്ചായത്തിലാണ് ഹരിത കർമ്മ സേനയുടെ ഈ നടപടി. മാലിന്യ മുക്ത പഞ്ചായത്താക്കാനുള്ള പദ്ധതിയായിരുന്നു ഹരിതകർമ്മ സേന. എന്നാൽ ഉദ്യോഗസ്ഥരുടെ കുറവ് മൂലം പദ്ധതി പാളി. മിക്ക പഞ്ചായത്തുകളുടെയും അവസ്ഥ ഇതാണ്.

ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഹരിത കർമ്മ സേന പ്രവർത്തിക്കുന്നത്. വീടുകളിലെ അജൈവ പാഴ് വസ്തുക്കൾ ഹരിത സേനാംഗങ്ങൾ ശേഖരിച്ച് പഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്രി സെന്ററിൽ എത്തിക്കും . പിന്നീട് ക്ളീൻ കേരള കമ്പനിക്ക് കൈമാറും. 50 മൈക്രോണിൽ താഴെയുള്ള റീസൈക്കിൾ ചെയ്യാൻ കഴിയാത്ത പ്ളാസ്റ്രിക് ബ്ലോക്ക് തലത്തിലും നഗരസഭകളിലും സ്ഥാപിക്കുന്ന പ്ലാസ്റ്രിക് ഷ്രഡിംഗ് യൂണിറ്റുകളിൽ പൊടിച്ച് റോഡ് ടാറിംഗിനായി ക്ലീൻ കേരള കമ്പനി വഴി പി.ഡബ്യൂ.ഡിക്ക് നൽകാനായിരുന്നു പദ്ധതി. എന്നാൽ തുടത്തിൽത്തന്നെ പാളി.

ഹരിത കർമ്മ സേന പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന്

പുറമറ്റം ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.

എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടെങ്കിൽ അന്വേഷിക്കും. മുമ്പ് ഈ പദ്ധതി ആരംഭിച്ച് പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. ജനങ്ങൾക്ക് വളരെ പ്രയോജനകരമായ പദ്ധതിയാണിത്.