തിരുവല്ല: ജീവിതത്തിൽ മാറ്റമുണ്ടാകണമെങ്കിൽ വിശ്വാസങ്ങളിലും അറിവിലൂം പരിവർത്തനം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രഭാഷകനും അദ്ധ്യാപകനുമായ ബിജു പുളിക്കലേടത്ത് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 11-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആദ്ധ്യാത്മീക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ശ്രീനാരായണഗുരു അരുൾ ചെയ്തിട്ടുണ്ട്. കുടുംബത്തിൽ ഉണ്ടാകേണ്ട ഊഷ്മളമായ സ്നേഹബന്ധങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ കുറഞ്ഞുവരികയാണ്. ഇതുകാരണം പ്രായമായ അച്ഛനമ്മമാരെ നടതള്ളുന്ന ശീലം സമൂഹത്തിന് വെല്ലുവിളിയാകുന്നു. ആത്മബന്ധവും ആത്മീയതയും മനസിലാക്കാൻ സാധിക്കാത്ത യുവത്വമാണ് ഇതിനു കാരണം. ഗുരു വ്യക്തമാക്കിയ പഞ്ചശുദ്ധി വ്രതം മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ഫലപ്രദമാണ്. ശാരീരികവും ആത്മീയവുമായ കൂട്ടായ്മയിലൂടെ മാനസിക വളർച്ച കൈവരിക്കാം. ഗുരുവിന്റെ കൃതികളിലൂടെ ഗുരുവിനെ പഠിക്കണം. ബാലവേദി രൂപീകരിച്ച് ഗുരുവിനെക്കുറിച്ചുള്ള പഠനം പുതുതലമുറ സായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസറും മുൻ എം.എൽ.എയുമായ അഡ്വ.എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധർമ്മം മഠാധിപതി സ്വാമി ശിവബോധാനന്ദ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി എൻ.ചന്ദ്രൻ, വനിതാസംഘം യുണിയൻ കൺവീനർ സുധാഭായ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മുൻകാല യൂണിയൻ ഭാരവാഹികളായ സി.കെ.ഭാസ്‌കരൻ, കെ.കെ.സുകുമാരൻ കോയിത്തോട്ടത്തിൽ, എൻസൈക്ലോപീഡിയ ഡയറക്ടർ ഡോ.എ.ആർ. രാജൻ എന്നിവരെ ആദരിച്ചു.
----------------------
കൺവെൻഷൻ നഗറിൽ ഇന്ന്
രാവിലെ 9ന് വിശ്വശാന്തി പ്രാർത്ഥന, 9.30ന് മതാതീത ആത്മീയ സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. അഖിലേന്ത്യ ബ്രാഹ്മണസഭ ഉപാദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് ശാഖാംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കും. 10ന് പ്രഭാഷണം- മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ്. ഒന്നിന് അന്നദാനം 2ന് പ്രഭാഷണം- വിജയലാൽ നെടുങ്കണ്ടം.