തിരുവല്ല: ആഗ്രഹങ്ങളെല്ലാം സാധിക്കാനുള്ളതല്ലെന്നും യാഥാർത്ഥ്യ ബോധത്തോടെ കുട്ടികളെ വളർത്തണമെന്നും അമ്പലപ്പുഴ ഗവ.കോളേജ് അസി.പ്രൊഫ.ബിന്ദു പറഞ്ഞു. മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ കുടുംബജീവിതം കരുതലോടെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. എന്തും ഉപയോഗിച്ചശേഷം വലിച്ചറിയുന്ന പുതിയ സംസ്ക്കാരം കുടുംബത്തിലും ഉണ്ടാകുന്നത് സാമൂഹ്യ വിപത്താണ്. ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ പാലമാണ് പുഞ്ചിരി. ഇത് ജീവിതത്തിൽ പങ്കിടാൻ മറക്കരുത്. പരസ്പരമുള്ള ആശയവിനിമയം കുറഞ്ഞത് കുടുംബങ്ങൾ ശിഥിലമാകാൻ കാരണമായെന്നും അവർ പറഞ്ഞു. അഡ്വ.രാജൻ മഞ്ചേരി പ്രഭാഷണം നടത്തി. യൂണിയൻ മുൻവൈസ് പ്രസിഡന്റ് കെ.ജി.ബിജു, വനിതസംഘം ചെയർപേഴ്‌സൺ അംബിക പ്രസന്നൻ, യൂത്ത്മൂവ്മന്റ് ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, കൺവീനർ രാജേഷ് തൈമറവുംകര, സൈബർസേന ചെയർമാൻ മഹേഷ്.എം, കൺവീനർ അശ്വിൻബിജു, രവിവാര പാഠശാല കോർഡിനേറ്റർ വിശ്വനാഥൻ.വി.ജി, വൈദീകസമീതി കൺവീനർ സുജിത്ത് ശാന്തി, അനിൽ ചക്രപാണി എന്നിവർ പ്രസംഗിച്ചു.