പത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് പത്തനംതിട്ട സന്ദർശിക്കും. ഉച്ചയ്ക്ക് 2.30 ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ അദ്ദേഹം ഹെലികോപ്റ്ററിൽ ഇറങ്ങും. സ്റ്റേഡിയത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന ജില്ലാ നേതാക്കൾ അമിത് ഷായെ സ്വീകരിച്ച്‌ റോഡ് മാർഗം പത്തനംതിട്ട നഗരത്തിലേക്കാനയിക്കും. മൂന്നുമണിയോടെ സെൻറ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് റോഡ് ഷോ ആരംഭിക്കും. പുഷ്പ വൃഷ്ടിയോടെ ആരംഭിക്കുന്ന റോഡ് ഷോയ്ക്ക് വാദ്യ മേളങ്ങൾ ശബ്ദ സൗന്ദര്യം നൽകും. അലങ്കരിച്ച തുറന്ന വാഹനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കളക്ടറേറ്റ് പടിക്കലാണ് ആദ്യമെത്തുക. തുടർന്ന് ജനറൽ ആശുപത്രി കടന്ന് സെൻട്രൽ ജംഗ്ഷനിലെത്തി അബാൻ ജംഗ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയിരിക്കുന്ന വേദിയിൽ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. സ്ഥാനാർത്ഥി കെ. സുരേന്ദ്രനും സമ്മേളനത്തിൽ പങ്കെടുക്കും. കുറഞ്ഞത് അൻപതിനായിരം പ്രവർത്തകരെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതിനായി ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.

സ്വീകരണത്തിനുളള ഒരുക്കങ്ങൾ വിലയിരുത്താൻ ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയിരുന്നു. കേന്ദ്ര മന്ത്രി മഹേഷ് ശർമ ഇന്നലെ പത്തനംതിട്ടയിൽ പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിൽ മുഖ്യാതിഥിയായിരുന്നു.