പത്തനംതിട്ട: ദുഃഖവെള്ളി ദിനത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ കാതടപ്പിച്ചുള്ള പ്രചാരണങ്ങളിൽ നടത്തിയില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും ദു:ഖവെളളി ദിനത്തിൽ ദേവാലയങ്ങൾ സന്ദർശിച്ചു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടു ചോദിച്ചു. ആന്റോ ആന്റണി ഉച്ചയ്ക്ക് പരുമല പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷയിലും പങ്കെടുത്തു. ഇന്ന് ആറന്മുള നിയോജക മണ്ഡലത്തിലാണ് യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പര്യടനം. രാവിലെ 7.30ന് ചെന്നീർക്കരയിൽ മുൻ എം.എൽ.എ. കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് പത്തനംതിട്ട നഗരത്തിൽ ആന്റോ ആന്റണിയുടെ റോഡ് ഷോയുമുണ്ട്.
പ്രമുഖ വ്യക്തികളെ കണ്ടു വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജ്. രാവിലെ തിരുവല്ല, കോഴഞ്ചേരി എന്നിവടങ്ങളിൽ ഭവന സന്ദർശനം നടത്തി. റാന്നി സെന്റ് തോമസ് ക്നാനയ വലിയ പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകളിൽ പങ്കെടുത്തു. വൈകിട്ട് ഇലന്തൂർ, നെല്ലിക്കാല എന്നിവടങ്ങളിൽ ഗ്രഹസന്ദർശനവും നടത്തി. ശനിയാഴ്ച ആറന്മുള നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പര്യടനം നടത്തും.
ആറന്മുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂർ, കോയിപ്രം, പുല്ലാട്, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, നാരങ്ങാനം, ഇലന്തൂർ പഞ്ചായത്തുകളിൽ എൻ.ഡി.എ ലോക്സഭാ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പര്യടനം നടത്തി.
ഇരവിപേരൂർ പഞ്ചായത്തിലെ കുന്നേക്കാട് നിന്നുമാരംഭിച്ച പര്യടനം ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു.
ഏഴു പഞ്ചായത്തുകളിലായി നടന്ന പര്യടനം ഇലന്തൂർ ഗണപതി അമ്പലം ജംഗ്ഷനിൽ സമാപിച്ചു.
ഉച്ചയ്ക്ക് പെയ്ത മഴയെ അവഗണിച്ച് ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് നൽകിയത്.
ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഹരീഷ് ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ജനറൽ സെക്രട്ടറിമാരായ അശോക് ബാബു, സുരേഷ്‌കുമാർ, മണ്ഡലം ഉപാദ്ധ്യക്ഷൻ ജി.വിദ്യാധിരാജൻ, യുവമോർച്ച സംസ്ഥാന ഐ.ടി സെൽ ജോയിന്റ് കൺവീനർ സൂരജ് ഇലന്തൂർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഹരീഷ് പൂവത്തൂർ, ജനറൽ സെക്രട്ടറി അനന്തു പുല്ലാട്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ദീപ.ജി തുടങ്ങിയവർ നേതൃത്വം നൽകി.