ഇളമണ്ണൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ ഏനാദിമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലം നികത്തൽ വ്യാപകമാകുന്നു. മുൻപ് പഞ്ചായത്തിൽ നിലം നികത്തൽ വ്യാപകമായതിനെ തുടർന്ന് ശക്തമായ പ്രതിഷേധങ്ങൾക്കും മാദ്ധ്യമ ഇടപെടലിനും ശേഷം താൽക്കാലിക ശമനം ഉണ്ടായിരുന്നു. എന്നാൽ ഇലക്ഷൻ ഡ്യൂട്ടികൾക്കും മറ്റും റവന്യു ഉദ്യോഗസ്ഥരുടെയും പൊലീസ് അധികാരികളുടെയും ശ്രദ്ധ തിരിഞ്ഞ തക്കം നോക്കിയാണ് വീണ്ടും മണ്ണ് മാഫിയ പഞ്ചായത്തിൽ സജീവമായിരിക്കുന്നത്. പഞ്ചായത്തിലെ ശാലേംപുരം മുതൽ പ്ലാന്റേഷൻ മുക്ക് വരെയുള്ള പ്രദേശങ്ങളിലെ പ്രധാനപെട്ട നിലങ്ങളും നീർചാലുകളുമെല്ലാം നികത്തി കഴിഞ്ഞു. ഒരു കാലത്ത് കെ.പി റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് നയന മനോഹര കാഴ്ചയായിരുന്നു കതിരണിഞ്ഞ് നിൽക്കുന്ന നെൽപ്പാടങ്ങൾ എന്നാൽ പഞ്ചായത്തിൽ ഇപ്പോൾ പേരിന് പോലും നെൽകൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. പ്രാദേശിക രാഷ്ട്രീയ നേതാക്കളം ഉദ്യോഗസ്ഥരും മണ്ണ് മാഫിയയും തമ്മിലുളള അവിശുദ്ധ കൂട്ട് കെട്ടിനെ കുറിച്ച് മുൻപും പലതവണ പരാതികൾ ഉയർന്നിരുന്നു.കെ പി റോഡിൽ ആലയിൽപ്പടി ജംഗ്ഷന് സമീപം രാത്രിയുടെ മറവിൽ സ്വകാര്യ വ്യക്തിയുടെ നിലം ഏതാണ്ട് പൂർണ്ണമായി നികത്തി കഴിഞ്ഞു. മാസങ്ങൾക്ക് മുൻ ഇതേ ഭൂമിയിൽ നിലം നികത്തുവാനുള്ള ശ്രമം പ്രതിഷേധങ്ങൾക്കിടയാക്കുകയും നിലം നികത്തൽ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൻ ഇലക്ഷന്റെ മറപറ്റി രണ്ട് ദിവസമായി ഇവിടെ അനധികൃത നിലം നികത്തൽ തകൃതിയായി നടത്തുന്നു.കൂടാതെ പുതുവൽ, മാരൂർ, മരുതിമൂട്, മങ്ങാട് തുടങ്ങിയ പ്രദേശങ്ങളും മണ്ണ് മാഫിയയുടെ പിടിയിലമർന്ന് കഴിഞ്ഞു.