പത്തനംതിട്ട: അറിയാമായിരുന്നു, മഴ തകർക്കുമെന്ന്. പക്ഷെ, അതെല്ലാം അവഗണിച്ച് പതിനായിരത്തോളം ബി.ജെ.പി പ്രവർത്തകർ റോഡ് വക്കിൽ കാത്തുനിന്നു . ഒടുവിൽ പത്തനംതിട്ട നഗരത്തെ ആവേശത്തിലാഴ്ത്തി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനും അലങ്കരിച്ച വാഹനത്തിലെത്തിയപ്പോൾ ആർപ്പുവിളികളും ശരണം വിളികളും മുഴങ്ങി. വാദ്യഘോഷങ്ങൾ അകമ്പടിക്ക്. പുഷ്പവൃഷ്ടിയുമായി സ്ത്രീകളും കുട്ടികളും വാഹനത്തിനൊപ്പം നീങ്ങി. അമിത്ഷാ ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തു. ക്രിക്കറ്റ് താരം ശ്രീശാന്തും സ്വാമി അയ്യപ്പൻ ടെലിഫിലിം നായകൻ കൗശിക് ബാബുവും വാഹനത്തിലുണ്ടായിരുന്നു.
റോഡ് ഷോ മുക്കാൽ കിലോമീറ്റർ പിന്നിടാൻ ഏകദേശം ഒരു മണിക്കൂറോളമെടുത്തു. അത്രയ്ക്കായിരുന്നു തിരക്ക്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, പി.സി.ജോർജ് എം.എൽ.എ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ഡോ.പ്രമീളാദേവി, ബി.ജെ.പി പാർലമെന്റ് കമ്മിറ്റി കൺവീനർ ടി.ആർ. അജിത്കുമാർ, ജില്ലാപ്രസിഡന്റ് അശോകൻ കുളനട തുടങ്ങിയവരും റോഡ്ഷോയിൽ പങ്കെടുത്തു. എല്ലാവരെയും അഭിവാദ്യം ചെയ്ത് നേതാക്കൾ അബാൻ ജംഗ്ഷനിലെത്തിയപ്പോൾ മഴയും കാറ്റും ശക്തമായി. മുദ്രാവാക്യങ്ങൾക്കും ശക്തിയേറി. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനിടെ സമാപന വേദിയായ നഗരസഭ ബസ് സ്റ്റാന്റിന് അൻപതു മീറ്റർ അകലെ അബാൻ ജംഗ്ഷനിൽ അമിത് ഷാ യാത്ര അവസാനിപ്പിച്ചു. രണ്ടു മിനിട്ടു നേരം പ്രർത്തകരോട് സംസാരിച്ച ശേഷം അദ്ദേഹം മടങ്ങി. സ്ഥാനാർത്ഥി സുരേന്ദ്രന് ജയ് വിളിച്ച് പിരിഞ്ഞുപോകാതെ അണികൾ വാഹനത്തിനു ചുറ്റും കൂടി. അദ്ദേഹത്തെ ആനയിച്ച് വേദിയിലെത്തിച്ചു. പി.സി.ജോർജും സുരേന്ദ്രനും അശോകൻ കുളനടയും പ്രസംഗിച്ച ശേഷമാണ് അണികൾ മടങ്ങിയപ്പോയത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ പ്രമാടം സ്റ്റേഡിയത്തിൽ ഹെലികോപക്ടറിൽ ഇറങ്ങിയ അമിത്ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിളളയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. അവിടെ നിന്ന് കാർ മാർഗം നാലുമണിയോടെ ജനറൽ ആശുപത്രി ജംഗ്ഷനിലെത്തിയ അമിതഷായെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട സ്വീകരിച്ചു.