election-2019

പത്തനംതിട്ട: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഇന്ത്യയിലെ മുഴുവൻ വിശ്വാസികളുടെയും സ്ഥാനാർത്ഥിയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പറഞ്ഞു. എൻ.ഡി.എ ഇന്നലെ പത്തനംതിട്ട നഗരത്തിൽ നടത്തിയ റോഡ് ഷോയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനത്ത മഴയെ തുടർന്ന് സമാപനവേദിക്ക് അൻപത് മീറ്റർ അകലെ റോഡ് ഷോ അവസാനിപ്പിച്ച അമിത് ഷാ രണ്ട് മിനിട്ടാണ് സംസാരിച്ചത്. പത്തുമിനിട്ട് സംസാരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും മഴ കാരണം പ്രസംഗം ചുരുക്കുകയായിരുന്നു.

ശബരിമല അയ്യപ്പന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനാണ് ഞാൻ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഒരു നിയോഗമാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ ശബരിമലയിൽ കാട്ടിക്കൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാൻ കഴിയില്ല. അയ്യായിരം അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവർ എന്ത് തെറ്റാണ് ചെയ്തത്. രണ്ടായിരം പേർക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങൾ ഇപ്പോഴും ജയിലറയ്ക്കുള്ളിലാണ്. ഇത് പൊറുക്കാൻ കഴിയുന്നതല്ല. ഇതിനെതിരെ ജനങ്ങൾ പ്രതികരിച്ചിരിക്കും-അമിത്ഷാ പറഞ്ഞു.