പത്തനംതിട്ട: ഇന്ന് വോട്ടർമാർ ബൂത്തിലേക്ക് കയറുമ്പോൾ സ്ഥാനാർത്ഥികൾക്ക് നിറഞ്ഞ മനസാണുളളത്. ജയിക്കുമെന്ന ആത്മവിശ്വാസം. ത്രികോണപ്പോരാട്ടത്തിന്റെ ചൂടറിഞ്ഞ പത്തനംതിട്ടയിൽ ആർക്കാണ് വിജയസാദ്ധ്യത എന്ന പ്രവചനത്തിന് പ്രസക്തിയില്ലാത്ത സ്ഥിതി. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും വിജയം അവകാശപ്പെടുന്നു. നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെയും പ്രമുഖരെ നേരിൽ കാണ്ട് പിന്തുണ ഉറപ്പിക്കാനുളള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാർത്ഥികളും നേതാക്കളും. വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും എൻ.ഡി.എയുടെ കെ.സുരേന്ദ്രനും പറഞ്ഞു.

......

വീണാജോർജ് (എൽ.ഡി.എഫ്)

വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കുണ്ട്. എൽ.ഡി.എഫിന്റെ വികസന കാഴ്ചപ്പാടിനൊപ്പമായിരിക്കും വോട്ടർമാരുടെ മനസ്. പിണറായി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും ആറൻമുള മണ്ഡലത്തിനു വേണ്ടി ചെയ്ത കാര്യങ്ങളും ജനമസിലുണ്ട്. വികസനമില്ലാത്ത പത്തു വർഷമാണ് പാഴായത്. പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ മാേചനം ആഗ്രഹിക്കുന്നു. കർഷകരുട‌െ ആവശ്യങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലില്ലാത്ത യുവാക്കളുടെ കാര്യങ്ങൾ...ഇതെല്ലാം ഒാർക്കുന്നവരുടെ മനസിൽ എൽ.ഡി.എഫാണ് പ്രതീക്ഷയായുളളത്. വർഗീയതയും അഴിമതിയും തുടച്ചു നീക്കാൻ എൽ.ഡി.എഫ് വരണം.

.....

ആന്റോ ആന്റണി (യു.ഡി.എഫ്)

കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർദ്ധിക്കും. വലിയ പിന്തുണയാണ് ലഭിക്കുന്നത്. പുതിയ തലമുറകൾക്ക് പ്രതീക്ഷയായി കോൺഗ്രസും രാഹുൽഗാന്ധിയുമാണുളളത്. എൽ.ഡി.എഫിന്റെ വോട്ടുബാങ്കിൽ വൻ ചോർച്ചയുണ്ടാകും. അക്രമ രാഷ്ട്രീയവും പിണറായിയുടെ ഏകാധിപത്യ ശൈലിയും ജനത്തിന് മടത്തു. ബി.ജെ.പിയുടെ വർഗീയ ഫാസിസത്തിന് ജനം നല്ല തിരിച്ചടി നൽകും. യോഗി ആദിത്യനാഥിനെപ്പോലുളളവരെ പത്തനംതിട്ടയിൽ കൊണ്ടുവന്നതിന്റെ യഥാർത്ഥ്യം ലക്ഷ്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ കപട നാടകം വോട്ടർമാർ തിരിച്ചറിഞ്ഞ് പ്രതികരിക്കും.

......

കെ. സുരേന്ദ്രൻ (എൻ.ഡി.എഫ്)

ഉറപ്പായും വിജയിക്കും. അഴിമതിയില്ലാത്ത ഭരണം നടത്താനും വികസനം താഴേത്തട്ടിലെത്തിക്കാനും നരേന്ദ്രമോദി സർക്കാരിനു കഴിഞ്ഞുവെന്ന് വോട്ടർമാർ വിലയിരുത്തുന്നുണ്ട്. മോദി സർക്കാർ വീണ്ടും വരണമെന്ന് ജനം ആഗ്രഹിക്കുന്നു. വികസനവും വിശ്വസവുമാണ് എൻ.ഡി.എ മുന്നോട്ടു വയ്ക്കുന്നത്. പിണറായി സർക്കാരിന്റെ അക്രമഭരണത്തിനും വിശ്വാസികളെ തല്ലച്ചതച്ചതിനും ചുട്ട മറുപടി കൊടുക്കണമെന്ന് ജനങ്ങൾ ചിന്തിക്കുന്നുണ്ട്. ദൈവ നാമം ചൊല്ലിയാൽ കേസെടുത്ത് ജയിലിലടക്കുന്ന സർക്കാരാണിത്. വിശ്വാസകളെ അറസ്റ്റ് ചെയ്യുന്ന സർക്കാർ ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ല. ഇതെല്ലാം വോട്ടർമാരുടെ മനസിലുണ്ട്.