അടൂർ: കല്ലടയാറ്റിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മണ്ണടി കണ്ണംതുണ്ടിൽ നാസറുദ്ദീന്റെ മക്കളായ നാസീം (19), സഹോദരൻ നിയാസ് (16), നാസറുദ്ദീന്റെ ഭാര്യാ സഹോദരനായ പോരുവഴി അമ്പലത്തുംഭാഗം മാജിദ മൻസിലിൽ നജീബിന്റെ മകൻ അജ്മൽഷാ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ മണ്ണടി തെങ്ങാംപുഴ കടവിലാണ് ഇവർ കുളിക്കാനിറങ്ങിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ അജ്മൽ നീന്തൽ അറിയാത്തതിനാൽ കുളിക്കാൻ ഇറങ്ങിയില്ല. കുളി കഴിഞ്ഞ് നാസീം കരയ്ക്ക് കയറിയപ്പോഴാണ് മണൽ വാരിയ കയത്തിലെ ചുഴിയിൽ നിയാസും അജ്മൽഷായും അകപ്പെട്ടത്. ഇതുകണ്ട് അജ്മൽ നിലവിളിച്ചതോടെ നാസീം ഇവരെ രക്ഷിക്കാൻ ആറ്റിലേക്ക് ചാടി. പക്ഷേ മൂവരും കയത്തിൽ മുങ്ങിത്താണു. ദൂരെ തുണി അലക്കിക്കൊണ്ടുനിന്ന സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാർ ഒാടിയെത്തി. മുക്കാൽ മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിൽ ആറിന്റെ നൂറുമീറ്റർ താഴെയായി പാറയിടുക്കുള്ള ഭാഗത്തുനിന്ന് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കുളക്കട ജി.വി. എച്ച്.എസിൽ പ്ളസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു നാസീം. നിയാസ് കണ്ണനല്ലൂർ ടൗൺ ജുമാ മസ്ജിദിൽ ഖുർആൻ പഠനം പൂർത്തിയാക്കി. 20 ന് ഹാഫിൾ സ്ഥാനം നേടിയിരുന്നു. മാതാവ്: സബീല. ചക്കുവള്ളി ഗവ. എച്ച്. എസ്. എസിലെ പ്ളസ് ടു വിദ്യാർത്ഥിയായ അജ്മൽഷാ ഇന്നലെ രാവിലെയാണ് മണ്ണടിയിലെത്തിയത്. മാതാവ്: മാജിദ. സഹോദരൻ അഫ്സൽ. നാസിമിന്റെയും നിയാസിന്റെയും മൃതദേഹങ്ങൾ മണ്ണടി മുടിപ്പുര ജുമാ മസ്ജിദിലും അജ്മൽഷായുടേത് പോരുവഴി മുസ്ളീം ജമാഅത്ത് ഖബർസ്ഥാനിലും കബറടക്കി.